ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ല; വിലക്ക് തുടരാന്‍ തീരുമാനിച്ച് കുവൈത്ത്

Published : May 27, 2023, 05:07 PM IST
ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ല; വിലക്ക് തുടരാന്‍ തീരുമാനിച്ച് കുവൈത്ത്

Synopsis

കുവൈത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കുവൈത്തിലെ ഫിലിപ്പൈന്‍സ് എംബസി നടത്തുന്ന തെറ്റായ ഇടപെടലുകളും രാജ്യത്ത് താമസിക്കുന്ന ഫിലിപ്പൈന്‍സ് പൗരന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് വിസാ വിലക്ക് തുടരാന്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു. 

കുവൈത്ത് സിറ്റി: തൊഴില്‍ കരാറുകളും തൊഴിലാളികളുടെ അവകാശങ്ങളും സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് കുവൈത്തിലേക്ക് വിസ അനുവദിക്കുന്നതിനുള്ള വിലക്ക് തുടരാന്‍ കുവൈത്ത്. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

കുവൈത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കുവൈത്തിലെ ഫിലിപ്പൈന്‍സ് എംബസി നടത്തുന്ന തെറ്റായ ഇടപെടലുകളും രാജ്യത്ത് താമസിക്കുന്ന ഫിലിപ്പൈന്‍സ് പൗരന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് വിസാ വിലക്ക് തുടരാന്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു. ഉഭയകക്ഷി തൊഴില്‍ കരാറുകള്‍ ഫിലിപ്പൈന്‍സ് ലംഘിച്ചുവെന്നാണ് കുവൈത്തിന്റെ ആരോപണം. തൊഴിലാളികളെ പ്രത്യേക ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുക, സ്‍പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഓടിപ്പോയ ഫിലിപ്പൈന്‍സ് പൗരന്മാരെ തിരയുക, അധികൃതരുടെ അനുമതിയില്ലാതെ കുവൈത്തി പൗരന്മാരുമായി ആശയവിനിമയം നടത്തുക, തൊഴില്‍ കരാറുകളില്‍ പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കാന്‍ തൊഴിലുടമകളില്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങിയവയാണ് എംബസിയുടെ കരാര്‍ ലംഘനങ്ങളായി കുവൈത്ത് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഫിലിപ്പൈന്‍സ് സര്‍ക്കാറും രാജ്യത്തിന്റെ എംബസിയും സ്വീകരിക്കുന്ന എല്ലാ നടപടികളും തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അന്താരാഷ്‍ട്ര നിയമങ്ങള്‍ പ്രകാരമാണ് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും ഫിലിപ്പൈന്‍സ് അവകാശപ്പെടുകയായിരുന്നു. തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് 2018ലാണ് കുവൈത്തും ഫിലിപ്പൈന്‍സും കരാറില്‍ ഒപ്പുവെച്ചത്.

കുവൈത്തി ജനസംഖ്യയുടെ ആറ് ശതമാനം ഫിലിപ്പൈന്‍സ് പൗരന്മാരാണെന്നാണ് കണക്കുകള്‍. ഫിലിപ്പൈന്‍സിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനവും വിദേശത്തു നിന്ന് തങ്ങളുടെ പൗരന്മാര്‍ അയക്കുന്ന പണമാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു ഗാര്‍ഹിക തൊഴിലാളിയെ മരുഭൂമിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫിലിപ്പൈന്‍സ് നിര്‍ത്തിവെച്ചിരുന്നു. 

Read also: പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം