പ്രവാസി വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സ്വദേശി വനിതയ്ക്ക് വധശിക്ഷ

By Web TeamFirst Published Dec 31, 2020, 3:03 PM IST
Highlights

ഫിലിപ്പീന്‍സ് ജോലിക്കാരിയെ തന്റെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും യുവതി ബോധരഹിതയാകുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നിരുന്നെന്നും ചോദ്യം ചെയ്യലില്‍ സ്‌പോണ്‍സറായ ഭര്‍ത്താവ് വെളിപ്പെടുത്തി.

കുവൈത്ത് സിറ്റി: പ്രവാസി ഗാര്‍ഹികത്തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി സ്ത്രീയ്ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റം മറച്ചുവെച്ചതിന് ഇവരുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവുശിക്ഷ നല്‍കാനും കോടി ഉത്തരവിട്ടു.

2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ ഉടമസ്ഥയായ വനിത നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ദിവസങ്ങളോളം വീട്ടുജോലിക്കാരിയെ സ്വദേശി സ്ത്രീ മര്‍ദ്ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ട ചികിത്സയും നല്‍കിയിരുന്നില്ല.

മര്‍ദ്ദനമേറ്റ് മരിച്ച ഫിലിപ്പീന്‍സ് യുവതിയുടെ മൃതദേഹം സ്വദേശി സ്ത്രീയുടെ ഭര്‍ത്താവ് സബാഹ് ആശുപത്രിയിലെത്തിച്ചിരുന്നു. മൃതശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചയാളെ വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫിലിപ്പീന്‍സ് ജോലിക്കാരിയെ തന്റെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും യുവതി ബോധരഹിതയാകുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നിരുന്നെന്നും ചോദ്യം ചെയ്യലില്‍ സ്‌പോണ്‍സറായ ഭര്‍ത്താവ് വെളിപ്പെടുത്തി. യുവതി ബോധരഹിതയായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

കൃത്യം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ക്രിമിനല്‍ കോടതിയുടെ സുപ്രധാന വിധി വന്നത്. കേസില്‍ ഫിലിപ്പീന്‍സ് എംബസിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും വിധി പ്രഖ്യാപിച്ച കോടതിക്കും ഫിലിപ്പീന്‍സ് സ്ഥാനപതി മുഹമ്മദ് നൂര്‍ദിന്‍ പെന്‍ഡോസിന നന്ദി അറിയിച്ചു.   
 

click me!