യാത്രാ സമയം നാല് മണിക്കൂറിൽ താഴെയാകും, സൗദിയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ‘ലാൻഡ് ബ്രിഡ്ജ്’ റെയിൽ പദ്ധതി

Published : Oct 21, 2025, 10:54 AM IST
riyadh metro

Synopsis

സൗദിയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ‘ലാൻഡ് ബ്രിഡ്ജ്’ റെയിൽ പദ്ധതി. റെയിൽവേ ലൈനിലൂടെ ബസ് യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് ട്രെയിനിൽ നാല് മണിക്കൂറിൽ താഴെയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

റിയാദ്: സൗദിയിലെ പ്രധാന നഗരങ്ങളെ അത്യാധുനിക റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവും യാത്രയും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏഴ് ബില്യൺ ഡോളറിന്റെ ‘ലാൻഡ് ബ്രിഡ്ജ്’ പദ്ധതി നടപ്പിലാക്കാൻ പോകുന്നു. റിയാദിനും ജിദ്ദയ്ക്കും ഇടയിൽ ഏകദേശം 900 കിലോമീറ്റർ നീളുന്ന റെയിൽവേ ലൈനിലൂടെ ബസ് യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് ട്രെയിനിൽ നാല് മണിക്കൂറിൽ താഴെയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

‘ലാൻഡ് ബ്രിഡ്ജ്’ ജിദ്ദയെ റിയാദ് വഴി ദമ്മാമിനെ ഏകദേശം 1,500 കിലോമീറ്റർ റെയിൽ‌വേ ലൈൻ വഴി ബന്ധിപ്പിക്കുന്നതും പദ്ധതിയിലുൾപ്പെടുന്നു. മേഖലയിലെ ഒരു സുപ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണിത്. സൗദി നഗരങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഈ പദ്ധതി വലിയ പരിവർത്തനം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഗൾഫ്, അറബ് മേഖലകൾക്കായുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമാക്കി സൗദിയെ മാറ്റാൻ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ റെയിൽവേ വികസനം. റെയിൽ ശൃംഖലയുടെ ദൈർഘ്യം 5,300 കിലോമീറ്ററിൽ നിന്ന് 8,000 കിലോമീറ്ററിലധികം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ വരുന്നതാണ് ഈ വമ്പൻ പദ്ധതി. രാജ്യത്തിന്റെ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും അയൽ ഗൾഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യും.

ജിദ്ദയെ ദമ്മാമുമായി റിയാദ് വഴി ബന്ധിപ്പിക്കുന്ന 1,500 കിലോമീറ്റർ റെയിൽ‌വേ ലൈൻ വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ കിങ് അബ്ദുല്ല തുറമുഖത്തെ വ്യാവസായിക നഗരങ്ങളുമായി പ്രത്യേകിച്ച് യാംബുവുമായി ബന്ധിപ്പിക്കുന്ന ചരക്ക്, പാസഞ്ചർ ട്രെയിൻ സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും സൗദി റെയിൽ‌വേ കോഓപറേഷൻ ശ്രമിച്ചുവരികയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന 15 പുതിയ ട്രെയിനുകൾ കൂടി ഉൾപ്പെടുത്തി കോർപ്പറേഷൻ തങ്ങളുടെ ടെയിനുകൾ നവീകരിക്കാനും പദ്ധതിയിട്ടുണ്ട്. റിയാദിൽ നിന്ന് ഖുറയ്യാത്തിലേക്ക് 1,290 കിലോമീറ്റർ നീളുന്ന ‘ഡെസേർട്ട് ഡ്രീം’ എന്ന ആഡംബര ട്രെയിൻ സർവീസ് ആരംഭിക്കാനും തയ്യാറെടുക്കുന്നു. വിനോദസഞ്ചാരികൾക്ക് അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇത് അവസരമൊരുക്കും.

ഭാവിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ട്രെയിനുകൾ വ്യാപകമായി ഉപയോഗിക്കുന്നതും സൗദി റെയിൽവേയുടെ പരിഗണനയിലുണ്ട്. 2025 ലെ രണ്ടാം പാദത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 26 ലക്ഷത്തിലധികം വർധിച്ചതോടെ റെയിൽവേ മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് സൗകര്യപ്രദവും കാര്യക്ഷമവുമായ റെയിൽവേ ഗതാഗതത്തിന് വർധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. അഭിലഷണീയമായ അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപിച്ചും ഗതാഗത മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ചും മിഡിൽ ഈസ്റ്റിലെ കര, വ്യോമ, കടൽ ഗതാഗതത്തിൽ ഒരു മുൻനിര മാതൃകയാകാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി റെയിൽവേ നടപ്പിലാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്