
റിയാദ്: വ്യാഴാഴ്ച റിയാദിൽ സമാപിച്ച അന്താരാഷ്ട്ര നൂതന സാങ്കേതിക മേള ‘ലീപ് 2023 എക്സ്പോ’യിൽ വലിയ നേട്ടമുണ്ടാക്കി ഇന്ത്യൻ പവലിയൻ. റിയാദ് ഫ്രന്റ് ഇന്റർനാഷനൽ എക്സിബിഷൻ സെന്ററില്‍ ഒരുങ്ങിയ മേളനഗരിയിലെ അഞ്ചാം നമ്പർ ഹാളിലായിരുന്നു ഇന്ത്യക്കും സൗദിക്കുമിടയിൽ ടെക്‍നോളജി രംഗത്ത് അനന്തമായ ബിസിനസ് സാധ്യതകൾ ആരായുന്ന ഇന്ത്യൻ പവിലിയൻ സജ്ജീകരിച്ചിരുന്നത്.
എക്സ്പോ ആരംഭിച്ച ഈ മാസം ആറിന് പവിലിയന്റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ. ഡോ. സുഹൈൽ അജാസ് ഖാനാണ് നിർവഹിച്ചത്. വിവിധ ഇന്ത്യൻ ഐ.ടി കമ്പനികളിൽനിന്നുള്ള 45 അംഗ പ്രതിനിധി സംഘമാണ് പവിലിയനിലെ ചാലകശ ക്തികൾ. ഉദ്ഘാടന ശേഷം സംഘത്തെ അംബാസഡർ അഭിസംബോധന ചെയ്ത് സംസാരിച്ചു. എച്ച്.സി.എൽ, ടാലി, ഇൻക്രെഫ് തുടങ്ങിയ കമ്പനികൾ പ്രത്യേകമായാണ് പവിലിയനുകൾ ഒരുക്കിയിട്ടുള്ളത്. സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘം സൗദിയിലെ വിവിധ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ ഇലക്ട്രോണിക്‌സ് ആൻഡ് സോഫ്‍റ്റ്‍വെയര്‍ എക്‌സ്‌പോർട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ഇ.എസ്.സി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‍ട്രി, നാസ്‌കോ എന്നിവയുടെയും സംയുക്ത പങ്കാളിത്തം പവിലിയനിലുണ്ട്. സംഘത്തില്‍ വൻകിട കമ്പനികൾക്ക് പുറമെ സ്റ്റാർട്ട് അപ്, ചെറുകിട ഇടത്തരം കമ്പനി പ്രതിനിധികളുമുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, സോഫ്‍റ്റ്‍വെയർ ഡവലപ്പിങ്, ക്ലൗഡ് സർവിസസ്, ഡിജിറ്റൽ സൊല്യൂഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളായിരുന്നു എല്ലാം.
മേളനഗരിയിൽ സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിലും ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സും സംഘടിപ്പിച്ച സംരംഭകത്വ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചർച്ചകൾക്ക് നേതൃത്വം നല്‍കി. നാസ്‌കോം വൈസ് പ്രസിഡൻറ് ശിവേന്ദ്ര സിങ്, ഇ.എസ്.സി ഇന്ത്യാ ചെയര്‍മാന്‍ സന്ദീപ് നരുല, കൊണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചാക്കോ ചെറിയാന്‍, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ്, ഇന്ത്യന്‍ എംബസി കോമേഴ്‌സ്യല്‍ വിഭാഗം മേധാവി റിതു യാദവ് എന്നിവര്‍ സംബന്ധിച്ചു.
ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെയും ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിന്റെയും കാര്യത്തിൽ അതിവേഗം വളരുന്ന ആഗോളതലത്തിൽ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് എംബസി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ 100ല്‍ അധികം സ്റ്റാർട്ടപ്പുകൾ മികവുറ്റ കമ്പനി പദവിയിലെത്തിക്കഴിഞ്ഞു. ഹെൽത്ത് ടെക്, എജ്യു ടെക്, അഗ്രി ടെക്, ഫിനാൻസ് ടെക്, സർക്കുലർ എക്കണോമി, സുരക്ഷിത ഡിജിറ്റൽ ഇൻഫ്രാ എന്നീ മേഖലകളിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്. അതുപോലെ, സമാനമായ സ്ഥിതിയിലാണ് സൗദി അറേബ്യയും. ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയിൽ ഐ.ടി ബിസിനസ്സിന് വലിയ സാധ്യതകളാണുള്ളതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read also: കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam