അഴിമതി, കൈക്കൂലി; പ്രവാസികളുള്‍പ്പെടെ 184 പേര്‍ക്കെതിരെ സൗദിയില്‍ നടപടി

By Web TeamFirst Published Dec 11, 2020, 10:59 PM IST
Highlights

വിവിധയിനം അഴിമതി കേസുകളിലാണ് 184 പ്രതികള്‍ പിടിയിലായതും 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ നടപടികള്‍ സ്വീകരിച്ചതും. പ്രതികളില്‍ ഏഷ്യക്കാരും ഉണ്ട്. 

റിയാദ്: അഴിമതിയും കൈക്കൂലിയും നടത്തിയ വിദേശികളടക്കമുള്ള 184 പേര്‍ക്കെതിരെ സൗദി അറേബ്യയില്‍ നിയമനടപടി. വിദേശികളും സ്വദേശികളും സര്‍ക്കാരുദ്യോഗസ്ഥരുമടക്കം 184 പേര്‍ക്കെതിരെയാണ് അഴിമതി വിരുദ്ധ അതോറിറ്റി ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിച്ചത്. 120 ക്രിമിനല്‍ കേസുകളിലാണ് ഇവര്‍ പ്രതികളായത്.

പ്രതികളില്‍ കൂടുതല്‍ പേരും സര്‍ക്കാരുദ്യോഗസ്ഥരാണ്. ലക്ഷകണക്കിന് റിയാല്‍ കൈക്കൂലി വാങ്ങുക, ക്രമക്കേടുകളിലൂടെ പണം തട്ടുക, വ്യാജമായി വാഹനാപകടങ്ങളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക, കസ്റ്റംസ് പിടിച്ചെടുത്ത നിരോധിത വസ്തുക്കള്‍ വിട്ടുകിട്ടാന്‍ കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യുക, നിയമാനുസൃതമല്ലാതെ നോട്ടറി വക്കാലത്തുകള്‍ നല്‍കുക, നിയമവിരുദ്ധ വക്കാലത്തിലൂടെ നഷ്ടം നേരിട്ട കക്ഷി അതിനെതിരെ പരാതി നല്‍കാതിരിക്കാന്‍ കൈക്കൂലി നല്‍കുക,  ഔദ്യോഗിക രേഖകളില്‍ തട്ടിപ്പ് നടത്തി പൊതുപണം കവരുക, യാത്രാവിലക്ക് റദ്ദാക്കുന്നതിന് കൈക്കൂലി കൈപ്പറ്റുക തുടങ്ങി വിവിധയിനം അഴിമതി കേസുകളിലാണ് 184 പ്രതികള്‍ പിടിയിലായതും 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ നടപടികള്‍ സ്വീകരിച്ചതും. പ്രതികളില്‍ ഏഷ്യക്കാരും ഉണ്ട്. 
 

click me!