കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; യുഎഇയില്‍ വിവാഹം നടത്തിയവര്‍ക്കും അതിഥികള്‍ക്കുമെതിരെ നടപടി

By Web TeamFirst Published Sep 10, 2020, 9:57 PM IST
Highlights

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കെതിരെയും നിയമനടപടി എടുത്തു.

അബുദാബി: യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടി. വരന്‍, വരന്റെ പിതാവ്, വധുവിന്റെ പിതാവ് എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി എമര്‍ജന്‍സീസ്, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷന് കൈമാറി.

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കെതിരെയും നിയമനടപടി എടുത്തു. വിലക്ക് ലംഘിച്ച് ആഘോഷം നടത്തിയതിനും ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചതിനുമാണ് വിവാഹം സംഘടിപ്പിച്ചവര്‍ക്കും അതിഥികള്‍ക്കുമെതിരെ നടപടിയെടുത്തത്. ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തിലുള്ള ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും കൂട്ടംചേരലുകള്‍ ഒഴിവാക്കണമെന്നും അബുദാബി പൊലീസ് ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതും ഒത്തുചേരലുകളും ശ്രദ്ധയില്‍പ്പെടുന്നവര്‍ 8002626 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ  2828 എന്ന നമ്പറില്‍ മെസേജ് അയയ്ക്കുകയോ  എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുകയോ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

click me!