കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്ന് ലഹരിമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങൾ കസ്റ്റംസ് പരാജയപ്പെടുത്തി. യാത്രക്കാരിൽ നിന്ന് ഹാഷിഷും ട്രമഡോൾ ഗുളികകളും പിടികൂടി. 

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ നിന്നായി മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ആദ്യത്തെ കേസിൽ ടെർമിനൽ അഞ്ചിൽ എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 205 ഗ്രാം തൂക്കം വരുന്ന 40 കഷണം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാമത്തെ കേസിൽ ടെർമിനൽ ഒന്നിൽ എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 188 ഗ്രാം ഹാഷിഷ് പിടികൂടി. 37 കഷണങ്ങളായാണ് ഇയാൾ ഇത് ഒളിപ്പിച്ചിരുന്നത്. ടെർമിനൽ ഒന്നിൽ തന്നെ നടന്ന മൂന്നാമത്തെ പരിശോധനയിൽ അഞ്ച് കഷണം ഹാഷിഷും (26 ഗ്രാം) ഡോക്ടറുടെ നിർദ്ദേശമില്ലാതെ കൈവശം വെച്ച നാല് ട്രമഡോൾ ഗുളികകളുമായി മറ്റൊരു യാത്രക്കാരനും പിടിയിലായി. മൂന്ന് കേസുകളിലും കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും തുടർ നടപടികൾക്കായി ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വിഭാഗത്തിന് കൈമാറി. ലഹരിമരുന്ന് കടത്താനുള്ള ഏത് നീക്കവും കർശനമായി നേരിടുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.