Latest Videos

പ്രവാസികള്‍ക്കുള്ള നോര്‍ക്ക വായ്‍പാ മേള; 175 സംരംഭകര്‍ക്ക് വായ്‍പാ ശുപാര്‍ശ നല്‍കി

By Web TeamFirst Published Nov 12, 2022, 3:01 PM IST
Highlights

തിരുവനന്തപുരത്ത് പങ്കെടുത്ത 69ല്‍ 38 പേര്‍ക്കും, കൊല്ലത്ത് 77ല്‍ 57 പേര്‍ക്കും, തൃശ്ശൂരില്‍ 68ല്‍ 46 പേര്‍ക്കും പാലക്കാട് 56ല്‍ 34 പ്രവാസി സംരംഭകര്‍ക്കുമാണ് വായ്പയ്ക്കുളള പ്രാഥമിക അനുമതിയായത്. 

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച നോര്‍ക്ക റൂട്ട്‌സ് - കാനറാ ബാങ്ക് വായ്പാ മേള സമാപിച്ചു. നാലു ജില്ലകളിലുമായി 270 പ്രവാസി സരംഭകര്‍ പങ്കെടുത്തു. ഇവരില്‍ 175 പേര്‍ക്ക് വായ്പാ ശുപാര്‍ശയും ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് വായ്പകള്‍ വിതരണം ചെയ്യും.  
തിരുവനന്തപുരത്ത് പങ്കെടുത്ത 69ല്‍ 38 പേര്‍ക്കും, കൊല്ലത്ത് 77ല്‍ 57 പേര്‍ക്കും, തൃശ്ശൂരില്‍ 68ല്‍ 46 പേര്‍ക്കും പാലക്കാട് 56ല്‍ 34 പ്രവാസി സംരംഭകര്‍ക്കുമാണ് വായ്പയ്ക്കുളള പ്രാഥമിക അനുമതിയായത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് സ്വയം തൊഴിലോ, ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിനാണ് വായ്പ. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി പ്രകാരമാണ് വായാപാ മേള സംഘടിപ്പിച്ചത്.  ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‍സിഡിയും സംരംഭകര്‍ക്ക് ലഭിക്കും.
 
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളള അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി 2022 ആഗസ്റ്റ് 22, 23 തീയതികളില്‍  നോര്‍ക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 191 സംരംഭകര്‍ക്ക് വായ്പാ അനുമതി ലഭിച്ചിരുന്നു.
പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് എന്‍.ഡി.പി.ആര്‍.ഇ.എം . 30 ലക്ഷം വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അനുവദിക്കുക. കാനറാ ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം  ശാഖകള്‍ വഴി പദ്ധതി ലഭ്യമാണ്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങക്കും, റജിസ്റ്റര്‍ ചെയ്യുന്നതിനും നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിക്കുക.

Read also: നോർക്ക ട്രിപ്പിൾവിൻ രണ്ടാംഘട്ടം; അഭിമുഖം പൂർത്തിയായി, ചുരുക്കപ്പട്ടിക നവംബർ 20ന് പ്രസിദ്ധീകരിക്കും

click me!