അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം തുടരുമ്പോൾ, ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അവ്യക്തമായി തുടരുന്നു. ഭരണമാറ്റം മുതൽ സൈനികശേഷി തകർക്കൽ വരെയുള്ള സാധ്യതകൾക്കിടയിലും, പുതിയ നേതാവിനെ പ്രഖ്യാപിച്ച് ഇറാൻ ശക്തമായി തിരിച്ചടിക്കുന്നത് യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
ടെഹ്റാൻ: 2003-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖിൽ നടന്ന അധിനിവേശത്തിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാനു മേൽ മിസൈൽ ആക്രമണങ്ങൾ കടുക്കുമ്പോഴും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ഒരു പ്രധാന ചോദ്യം ഉയർത്തുന്നുണ്ട്. ഈ യുദ്ധത്തിലൂടെ വാഷിംഗ്ടൺ യഥാർത്ഥത്തിൽ എന്താണ് ലക്ഷ്യമിടുന്നത്?
യുദ്ധം തുടങ്ങിയ ശേഷം ഇറാനിലെ ഏകദേശം 2,000 ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖൊമേനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വധിച്ചു. ആണവ നിലയങ്ങൾ, ജനവാസ മേഖലകൾ, എണ്ണ ശുദ്ധീകരണ ശാലകൾ തുടങ്ങിയ നിർണ്ണായക കേന്ദ്രങ്ങളെയും ആക്രമണങ്ങൾ ലക്ഷ്യം വെച്ചു. ഇസ്രായേലിനും മറ്റ് ഗൾഫ് അയൽരാജ്യങ്ങൾക്കും നേരെ നൂറുകണക്കിന് മിസൈലുകളും ആയിരക്കണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടാണ് ഇറാൻ തിരിച്ചടിച്ചത്. അമേരിക്കൻ സൈനിക താവളങ്ങളെയും ഊർജ്ജ നിലയങ്ങളെയുമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് ടെഹ്‌റാൻ അവകാശപ്പെടുന്നു.
ഇതുവരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളിൽ 160 കുട്ടികളടക്കം 1,200-ലധികം ഇറാനികൾ കൊല്ലപ്പെട്ടു. ഏഴ് അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടമായി. എങ്കിലും ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും വ്യക്തമായ പ്ലാനില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ-ഇസ്രായേൽ, അമേരിക്ക യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് മുന്നോട്ട് വെച്ച വിവിധ നിലപാടുകളും അവയുടെ പ്രായോഗികതയും എന്താണ്?
ഭരണകൂടത്തിന്റെ തകർച്ച
ഫെബ്രുവരി 28-ന് അലി ഖൊമേനിയെ വധിച്ചുകൊണ്ടാണ് യുദ്ധം ആരംഭിച്ചത്. 'ഭരണകൂട മാറ്റം' എന്ന് ട്രംപ് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും, ഇറാന്റെ നിലവിലെ ഭരണസംവിധാനത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് വിദഗ്ധർ കരുതുന്നു. എന്നാൽ, ഭരണകൂടം തകരുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, ഖൊമേനിയുടെ മകൻ മൊജ്താബ ഖൊമേനിയെ പുതിയ പരമോന്നത നേതാവായി ഇറാൻ പ്രഖ്യാപിച്ചു.
വിട്ടുവീഴ്ചാ ചർച്ചകൾ
ആക്രമണങ്ങൾക്കിടയിലും ചിലപ്പോൾ ട്രംപ് വിട്ടുവീഴ്ചയ്ക്കുള്ള സൂചനകൾ നൽകുന്നുണ്ട്. പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അംഗങ്ങളോട് ആയുധം വെച്ച് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, തിരിച്ചടികൾക്ക് നേതൃത്വം നൽകുന്ന IRGC പുതിയ നേതാവിനോട് കൂറ് പ്രഖ്യാപിക്കുകയാണ് ചെയ്തത്.
സൈനിക ശേഷി നശിപ്പിക്കുക
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും നാവികസേനയും തകർക്കുക എന്നത് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് ട്രംപ് പറയുന്നു. നിലവിൽ ഇറാന്റെ വ്യോമപാത അമേരിക്കയുടെയും ഇസ്രായേലിന്റെയും നിയന്ത്രണത്തിലാണ്. എന്നാൽ സൈനികമായി തകർത്തതുകൊണ്ട് മാത്രം ഒരു രാഷ്ട്രീയ മാറ്റം അവിടെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
'നിരുപാധികം കീഴടങ്ങൽ'
യുദ്ധത്തിന് ശേഷം ഇറാൻ ജനത അവരുടെ സർക്കാരിനെ തെരഞ്ഞെടുക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പുതിയ നേതാവായി മൊജ്താബ ഖൊമേനി വന്നതോടെ ട്രംപിൻ്റെ ആ കണക്കു കൂട്ടലുകളും അസ്ഥാനത്തായി. "നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊരു ഒത്തുതീർപ്പും ഇറാനുമായി ഉണ്ടാവില്ല" എന്ന് മാർച്ച് 6-ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ചർച്ചകൾക്കില്ലെന്നു തന്നെയാണ് ഇറാൻ്റെയും നിലപാട്.
കരയുദ്ധം
ഒരു കരയുദ്ധത്തിനുള്ള സാധ്യത ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തള്ളിക്കളയുന്നില്ല. അമേരിക്കൻ ഭരണകൂടവും ഇത് നിഷേധിച്ചിട്ടില്ല. എന്നാൽ, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുൻ സ്ഥിതി കണക്കിലെടുക്കുമ്പോൾ, ട്രംപ് ഒരു കരയുദ്ധത്തിന് മുതിരാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇസ്രായേലിന്റെ ലക്ഷ്യം
ഇസ്രായേലിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഇറാൻ ഉൾപ്പെടെയുള്ള എല്ലാ ശക്തികളെയും അടിച്ചമർത്താനാണ് ഇസ്രായേൽ ഈ യുദ്ധത്തെ ഉപയോഗിക്കുന്നത്. മേഖലയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കുക എന്ന വലിയ പദ്ധതിയാണ് ഇസ്രായേലിനുള്ളത്.
എന്തായിരിക്കും യുദ്ധത്തിന്റെ അന്ത്യം?
പൂർണ്ണമായ ഒരു യുദ്ധത്തേക്കാൾ, ഇറാന്റെ ആണവ-മിസൈൽ പരീക്ഷണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനായിരിക്കും ട്രംപ് ശ്രമിക്കുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.


