
ദുബായ്: ജമ്മു കശ്മീരില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. കാശ്മീരില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനായാണ് ആധുനിക രീതിയിലുള്ള ഭക്ഷ്യസംസ്‌കരണ കേന്ദ്രം ശ്രീനഗറില്‍ ആരംഭിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ), ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ-ഇന്ത്യ ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന്റെ (UAE India Food Security Summit 2020) ഭാഗമായി ജമ്മുകശ്മീര്‍ കാര്‍ഷികോല്‍പ്പാദന പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍ കുമാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ച വേളയില്‍ ലുലു ഗ്രൂപ്പ് നല്‍കിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരില്‍ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. സംസ്‌കരണ കേന്ദ്രത്തോടൊപ്പം ലുലു ഗ്രൂപ്പിന്റെ ഒരു പ്രാദേശിക കാര്യാലയവും ശ്രീനഗറില്‍ ആരംഭിക്കും. നിലവില്‍ കാശ്മീരില്‍ നിന്ന് ആപ്പിള്‍, കുങ്കുമപ്പൂവ് എന്നിവ ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വര്‍ഷം കൊവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടണ്‍ ആപ്പിളാണ് കാശ്മീരില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്.
വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നിന്നുള്ള ഇറക്കുമതി വന്‍ തോതില്‍ വര്‍ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് ഭക്ഷോല്‍പ്പന്നങ്ങളും ഭക്ഷ്യേതര ഉല്പന്നങ്ങളും ലുലു വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കശ്മീരി ഉല്‍പ്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആദ്യഘട്ടത്തില്‍ 60 കോടി രൂപയാണ് ലുലു കശ്മീരില്‍ മുതല്‍ മുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം കശ്മീരി യുവാക്കള്‍ക്ക് തൊഴിലവസരവും ലഭിക്കും. കശ്മീരില്‍ നിന്നുള്ള പ്രതിനിധിസംഘം ദുബായിയിലെ വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ കശ്മീരില്‍ നിന്നുള്ള ഫ്രൂട്ട് മാസ്റ്റര്‍ ആഗ്രോ ഫ്രഷും ലുലു ഗ്രൂപ്പും തമ്മില്‍ ഒപ്പ് വെച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലീമും ഫ്രൂട്ട് മാസ്റ്റര്‍ ആഗ്രോ ഫ്രഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇഹ്‌സാന്‍ ജാവേദുമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചത്. ജമ്മു കാശ്മീര്‍ കാര്‍ഷികോത്പാദന അഡീഷണല്‍ സെക്രട്ടറി ജഹാംഗീര്‍ ഹാഷ്മി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് കോമേഴ്‌സ്യല്‍ കോണ്‍സുല്‍ നീലു വോഹ്റ, ലുലു ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ സലീം വി.ഐ, ലുലു ഇന്ത്യ ഒമാന്‍ ഡയറക്ടര്‍ ആനന്ദ് ഏ.വി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam