റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി; പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ

By Web TeamFirst Published Dec 11, 2020, 11:31 PM IST
Highlights

സ്ഥലത്തെത്തിയ പൊലീസ് അവിടെ നിന്നും വെട്ടിമാറ്റിയ നിലയില്‍ ഒരു കൈ കണ്ടെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഘര്‍ഷത്തില്‍ കൈ നഷ്ടമായ കൗമാരക്കാരനെ പൊലീസ് കണ്ടെത്തി അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ദുബൈ: റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം. 

മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ വെട്ടിമാറ്റപ്പെടുകയായിരുന്നെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് കൗമാരക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന വിവരം ദുബൈ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സുമായി സ്ഥലത്തേക്ക് എത്തുകയായിരുന്നെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസ് അവിടെ നിന്നും വെട്ടിമാറ്റിയ നിലയില്‍ ഒരു കൈ കണ്ടെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഘര്‍ഷത്തില്‍ കൈ നഷ്ടമായ കൗമാരക്കാരനെ പൊലീസ് കണ്ടെത്തി അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരിശോധന നടത്തിയ പൊലീസ് ഒരു മണിക്കൂറിനുള്ളില്‍ സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ജലാഫ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ചില ആയുധങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 
 

click me!