സമൂഹത്തെ ബാധിക്കാത്ത ഒരാളുടെ ജീവിത സന്ദര്‍ഭങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നതും ചര്‍ച്ചയാക്കുന്നതും ശരിയല്ല: എംഎ ബേബി

By K T NoushadFirst Published Sep 23, 2019, 10:07 PM IST
Highlights

എല്ലാം രാഷ്ട്രീയ പ്രേരിതമായി മാത്രം പ്രതികരിക്കുന്ന  രാഷ്ട്രീയ നേതാക്കളുടെ പുതിയ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് എംഎ ബേബി ടി സിദ്ദിഖുമായി ബന്ധപ്പെട്ട മദ്യപാന  പ്രചാരണങ്ങളോട് പ്രതികരിച്ചത്

മനാമ: പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതമല്ല, പൊതു വിഷയങ്ങളിലെ നിലപാടുകളാണ് ചര്‍ച്ചയാവേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എംഎ ബേബി. ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'ഏഷ്യാനെറ്റ് ഓണ്‍ലൈനു'മായി സംസാരിക്കുകയായിരുന്നു.  സമൂഹത്തെ ബാധിക്കാത്ത ഒരാളുടെ ജീവിത സന്ദര്‍ഭങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നതും ചര്‍ച്ചയാക്കുന്നതും ശരിയാണോ എന്ന് എല്ലാവര്‍ക്കും സ്വയം പരിശോധിക്കാനുളള അവസരമായാണ് സിദ്ദിഖുമായി ബന്ധപ്പെട്ട വിവാദത്തെ കാണുന്നത്. 

എല്ലാം ചര്‍ച്ചാ വിഷയമാക്കുക എന്നത് മലയാളിയുടെ പൊതു സ്വഭാവമാണ്. സമൂഹ മാധ്യമങ്ങളിലായാലും മറ്റ് മാധ്യമങ്ങളിലായാലും  ചര്‍ച്ചകളില്‍ സാംസ്‌കാരിക നിലവാരം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. പൊതു പ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായ ശുദ്ധി വേണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പൊതു പ്രവര്‍ത്തകരുടെ പൊതു വിഷയങ്ങളിലുളള നിലപാടാണ് ചര്‍ച്ചയാവേണ്ടത്. അല്ലാതെ മുറിക്കുളളില്‍ ഭക്ഷണസമയത്ത് എന്തൊക്കെയാണ് കഴിക്കുന്നത് എന്ന് കണ്ടുപിടിച്ച് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഒളിക്കാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് നടന്ന മാധ്യമ സെമിനാറില്‍ രാം ജെത്മലാനി പറഞ്ഞ അഭിപ്രായം വളരെ പ്രസക്തമാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ കിടപ്പുമുറിയില്‍ എങ്ങനെ പെരുമാറുന്നു എന്ന് ചോര്‍ത്തുന്നത് അധാര്‍മ്മികമാണ്. അതേസമയം അദ്ദേഹം കൈക്കൊളളുന്ന തീരുമാനങ്ങളും കിടപ്പുമുറിയിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഒളിക്കാമറാ ഓപ്പറേഷനെങ്കില്‍ അത് അനുവദനീയമാണെന്നാണ് ജെത്മലാനി അഭിപ്രായപ്പെട്ടത്. സമൂഹത്തെ ഒരു തരത്തിലും ബാധിക്കാത്ത ഒരാളുടെ ജീവിതരീതി തുറന്നുകാണിക്കുന്നത് ഒരിക്കലും നീതികരിക്കാനാവില്ല.

ട്രംപും മോദിയും ശ്രമിക്കുന്നത് ആഗോള തലത്തില്‍ തീവ്ര വലതുപക്ഷ ചേരി രൂപപ്പെടുത്താന്‍

ആഗോളാടിസ്ഥാനത്തില്‍ തീവ്ര വലതുപക്ഷ ചേരി രൂപപ്പെടുത്താനാണ് ട്രംപും മോദിയും ശ്രമിക്കുന്നതെന്നും ബേബി അഭിപ്രായപ്പെട്ടു.  അമേരിക്കയില്‍ തീവ്ര വലതു പക്ഷ രാഷ്ട്രീയം മുന്നോട്ട് വരണമെന്ന ലക്ഷ്യത്തിലാണ് ട്രംപിന് പരസ്യമായി മോദി പിന്തുണ നല്‍കുന്നത്. രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക-രാഷ്ട്രീയ നിലപാടുകള്‍ സമാനമാണെന്ന സ്ഥിരീകരണം കൂടിയാണ് കഴിഞ്ഞ ദിവസം നടന്ന പരിപാടി. 

ഇരുവരും തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധികളാണ്. അമേരിക്കയിലെ മോദിയാണ് ട്രംപെന്നും ഇന്ത്യയുടെ ട്രംപാണ് മോദിയെന്നും എല്ലാവര്‍ക്കുമറിയാം. അതു കൊണ്ട് രണ്ട് പേരും പര്‌സപരം സഹായിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ഇത് തികച്ചും ആപത്കരമായ രാഷ്ട്രീയ പരിണാമമാണ്.  ഇന്ത്യ ഇനിയും പൂര്‍ണാര്‍ത്ഥത്തില്‍ ആധുനിക രാഷ്ട്രമായി വളരാത്തതിന്റെ പ്രശ്‌നങ്ങള്‍ വലതു പക്ഷ പ്രതിരോധത്തിന്റെ കാര്യത്തിലും പ്രതിഫലിക്കുന്നുണ്ട്. ലോകത്തെ ഒരു പ്രത്യേക ദിശയിലേക്ക് കൊണ്ടുപോകാന്‍ ട്രംപും കൂട്ടരും ശ്രമിക്കുമ്പോള്‍ അതിനെ തുറന്നു കാട്ടാന്‍ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ മാധ്യമങ്ങള്‍ സംഘടിതമായി മോദി സ്തുതി പാടുകയാണ്.

നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ അരുര്‍ മണ്ഡലം നിലനിര്‍ത്തുകയും മറ്റ് നാല് മണ്ഡലങ്ങള്‍ നേടിയെടുക്കുകയും ചെയ്യുുക എന്നതാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്ക്കി. ഏറ്റവും സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്ത സംസ്ഥാന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും അത് ജനങ്ങളിലേക്കെത്തിച്ച് വോട്ട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!