
ദുബൈ: ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 490-ാം സ്ഥാനമാണ് യൂസഫലിക്ക്.
540 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍. 21900 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്. ജെഫ് ബെസോസ് രണ്ടാമതെത്തി. 171 ബില്യൻ ഡോളറാണ് ജെഫിന്റെ സമ്പാദ്യം.158 ബില്യൻ ഡോളറുമായി ഫ്രഞ്ച് ഫാഷൻ രംഗത്തെ പ്രധാനികളായ ബെർനാഡ് അർനോൾട്ട് ആണ് മൂന്നാമത്. 129 ബില്യൻ ഡോളറുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് നാലാമതാണ്. വാറൻ ബഫറ്റ് 118 ബില്യൻ ഡോളറുമായി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണനാണ് (410 കോടി ഡോളര്‍) മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ സ്വന്തമാക്കി. 360 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ആഗോള തലത്തിൽ ആദ്യ പത്തിലുള്ള ഇന്ത്യാക്കാരൻ. 90.7 ബില്യൻ ആസ്തിയോടെയാണ് അംബാനി പട്ടികയിൽ ഇടം പിടിച്ചത്. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യൻ ഡോളറാണ് അദാനയുടെ ആസ്തി. 28.7 ബില്യൻ ഡോളർ- എച്ച്സിഎൽ ഉടമ ശിവ് നാടാർ, 24.3 ബില്യൻ ഡോളർ- സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല, 20 ബില്യൻ ഡോളർ- രാധാകിഷൻ ദമാനി എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam