ഏക മകന്‍ ഗള്‍ഫില്‍ മരിച്ചതിന് പിന്നാലെ വീട് ജപ്തി ചെയ്യാനൊരുങ്ങി ബാങ്കും; കുടുംബത്തിന് രക്ഷകനായത് എംഎ യൂസഫലി

By Web TeamFirst Published May 14, 2019, 12:07 PM IST
Highlights

ചികിത്സാ ചെലവിനായാണ് സ്വകാര്യ ബാങ്കില്‍ നിന്ന് വീടും സ്ഥലവും പണയം വെച്ച് 18 ലക്ഷം രൂപ വായ്പയെടുത്തത്. മരണം വരെ അദ്ദേഹം കൃത്യമായി വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

അല്‍ഐന്‍: പ്രവാസിയുടെ മരണത്തിന് പിന്നാലെ വായ്പയുടെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്കുമെത്തിയതോടെ തെരുവിലറങ്ങേണ്ടിവരുമായിരുന്ന കുടുംബത്തിന് രക്ഷകനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എംഎ യൂസഫലി. കഴിഞ്ഞ സെപ്തംബര്‍ 15ന് അല്‍ ഐനില്‍ വെച്ച് മരിച്ച മലപ്പുറം കോക്കൂര്‍ സ്വദേശി മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് സഹായവുമായി യൂസഫലി എത്തിയത്.

ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു ആഷിക് യുഎഇയിലെത്തിയത്. രോഗികളായ മാതാപിതാക്കളും അഞ്ച് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. ചെറിയ ജോലികളില്‍ തുടങ്ങി പിന്നീട് അല്‍ഐനില്‍ സ്വന്തമായി കട തുടങ്ങി. ഇതിനിടെ നാല് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചു. ഏതാനും വര്‍ഷം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് പിതാവ് മരിച്ചു. അമ്മ കിടപ്പിലാവുകയും അസുഖം ബാധിച്ച് സഹോദരി ശരീരം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു. ഇതോടെ ചികിത്സാ ചെലവിനായാണ് സ്വകാര്യ ബാങ്കില്‍ വീടും സ്ഥലവും പണയം വെച്ച് 18 ലക്ഷം രൂപ വായ്പയെടുത്തത്. മരണം വരെ അദ്ദേഹം കൃത്യമായി വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാല്‍ മരണത്തോടെ വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. കുടുംബം തെരുവിലിറങ്ങേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് നാട്ടുകാര്‍ ഇവരെ സഹായിക്കാനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെയാണ് ആക്ഷന്‍ കമ്മിറ്റി ബാങ്കുമായി സംസാരിക്കാന്‍ യൂസഫലിയുടെ സഹായം തേടിയത്. എന്നാല്‍ വിവരമറിഞ്ഞ എം.എ യൂസഫലി ബാങ്കുമായി സംസാരിക്കാന്‍ നില്‍ക്കാതെ മുഴുവന്‍ പണവും അടച്ച് ബാധ്യത തീര്‍ക്കുകയായിരുന്നു. ആഷിക്കിന്റെ വീട്ടുകാരോ ആക്ഷന്‍ കമ്മറ്റിയോ ഇക്കാര്യം അറിഞ്ഞതുമില്ല.

രാത്രിയില്‍ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വിവരമറിയിച്ചപ്പോഴാണ് വായ്പാ തുക മുഴുവന്‍ എംഎ യൂസഫലി അടച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്. രേഖകള്‍ ബാങ്ക് ആഷികിന്റെ അമ്മയ്ക്ക് കൈമാറി. അദ്ദേഹത്തിനും മാതാപിതാക്കള്‍ക്കും വേണ്ടി എപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്ന്  കുടുംബാംഗങ്ങള്‍ പറഞ്ഞു. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയപ്പോള്‍ വേദന തോന്നിയെന്നും അവരുടെ ബുദ്ധിമുട്ട് ഒരു ദിവസത്തേക്ക് പോലും ദീര്‍ഘിപ്പിക്കരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്നും യൂസഫലി 'ഖലീജ് ടൈംസിനോട്' പറഞ്ഞു. ബാങ്ക് ജപ്തി നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നതിനാല്‍ ഉടനെ ഇടപെട്ടു. പുണ്യ റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ കഴിയുന്ന വിധത്തില്‍ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

click me!