രാജ്യം മറക്കാത്ത 2 ആകാശ ദുരന്തങ്ങൾ; മംഗളൂരുവിലെയും കരിപ്പൂരിലെയും വിമാന അപകടങ്ങൾ, പ്രവാസികളുടെ നോവായ രാത്രികൾ

Published : Jun 12, 2025, 06:31 PM ISTUpdated : Jun 12, 2025, 07:18 PM IST
major flight accidents in india

Synopsis

പ്രവാസികൾ ഒരിക്കലും മറക്കാത്ത രണ്ട് വിമാന അപകടങ്ങളായിരുന്നു മംഗളൂരുവിലും കരിപ്പൂരിലും സംഭവിച്ചത്. നാട്ടിലേക്ക് നിരവധി സ്വപ്നങ്ങളുമായി പറന്നവര്‍ ഓര്‍മ്മകള്‍ മാത്രമായി. രാജ്യത്തെ നടുക്കിയ രണ്ട് വിമാന ദുരന്തങ്ങൾ. 

ദില്ലി: ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍...എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ 242 ആയി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും അപകടത്തില്‍ മരിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ത്യ കണ്ട രണ്ടാമത്തെ വലിയ വിമാന ദുരന്തമായി അഹമ്മദാബാദിലേത് മാറിയിരിക്കുകയാണ്.

അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്തകൾ കേൾക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരുവിലും കരിപ്പൂരിലും ഉണ്ടായ വിമാന അപകടങ്ങളുടെ മരവിച്ച ഓര്‍മ്മകളാണ് പ്രവാസികളുടെ മനസ്സിലൂടെ കടന്നു പോകുന്നത്. പ്രവാസ ജീവിതത്തിനിടെ നാട്ടിലേക്കുള്ള ഓരോ യാത്രയും ആശ്വാസത്തിലേക്കും സന്തോഷത്തിലേക്കുമുള്ള യാത്രയാണ്. 2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളൂരു വിമാന അപകടം ഉണ്ടായത്. കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താന്‍ കൊതിച്ച് അന്ന് വിമാനം കയറിയ പലരും പിന്നീടൊരിക്കലും പ്രിയപ്പെട്ടവരെ കാണാനാകാതെ വിടപറഞ്ഞു.

158 പേരാണ് അന്ന് വിമാന ദുരന്തത്തില്‍ മരിച്ചത്. ദുബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം മരണപ്പെട്ടു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ ആ വിമാനത്തിലുണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായാണ് മംഗളൂരു വിമാന അപകടത്തെ കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് മംഗളൂരു വിമാന അപകടത്തിന് 15 വര്‍ഷം തികഞ്ഞത്. ഇന്നും ആ ഓര്‍മ്മകൾ പ്രവാസികള്‍ക്ക് വേദനയാണ്.

മറ്റൊരു നടുക്കുന്ന വിമാന ദുരന്തമുണ്ടായത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 2020 ഓഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ഐഎഎക്സ്-1344 ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾ ടോപ് റൺവേയിലേയ്ക്ക് ഇറങ്ങിയ വിമാനം റൺവേയുടെ അറ്റത്ത് നിന്ന് താഴ്​വരയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വിമാനത്തിന്‍റെ മുൻഭാഗം പിളർന്നു. പൈലറ്റ് ഉൾപ്പെടെ 21 പേർ മരിച്ചു. 190 യാത്രക്കാരിലായി 110ലേറെ പേർക്ക് പരുക്കേറ്റു. രക്ഷപ്പെട്ടത് 169 പേരാണ്. അന്ന് ശക്തമായ മഴ പെയ്യുമ്പോഴായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം