
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി അറേബ്യയിൽ മലയാളി പിക്കപ്പ് വാനിടിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ ജീസാന് സമീപം ദർബിലാണ് കണ്ണൂർ കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) മരിച്ചത്. രാത്രി നമസ്കാരത്തിന് ശേഷം താമസസ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സൗദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ വന്നിടിച്ച് തൽക്ഷണം മരിച്ചത്.
മൃതദേഹം ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ നിന്ന് കുടുംബം ശനിയാഴ്ച സൗദിയിലെത്താനിരിക്കെയാണ് ആകസ്മിക വിയോഗം. 17 വർഷമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ.
സൗദിയിൽ 130 പേർക്ക് കോവിഡ്, ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 130 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 241 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,124 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,40,008 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,075 ആയി തുടരുന്നു. രോഗബാധിതരിൽ 4,041 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 59 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 13,237 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 30, റിയാദ് 28, മദീന 17, മക്ക 13, ത്വാഇഫ് 8, ദമ്മാം 8, ജിസാൻ 5, അബഹ 3, ഹുഫൂഫ് 3, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,984,365 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,390,072 ആദ്യ ഡോസും 24,722,054 രണ്ടാം ഡോസും 12,872,239 ബൂസ്റ്റർ ഡോസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam