
ജിദ്ദ: ഭാര്യയുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത് ആചാരി(30)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ സുലൈമാനിയയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായ ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവും കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ മകനായ മകൻ ആദിത്യനാഥിനെ ശ്രീജിത് കുടുംബവഴക്കിനെ തുടര്‍ന്ന് പ്രകോപിതനായി ചുമരിലിടിപ്പിച്ചിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മകനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന അനീഷ ജോലി കഴിഞ്ഞു വന്നപ്പോഴാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയിൽ മകനെ കണ്ടെത്തിയത്. ഉടൻ സുഹൃത്തുക്കളുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഒപ്പം പോകാതിരുന്ന ശ്രീജിത് കുഞ്ഞു മരിച്ച വിവരമറിഞ്ഞതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.
വീട്ടിലെ ബഹളത്തെത്തുടർന്ന് സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഫ്ലാറ്റിലെത്തിയ പൊലീസ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. ശ്രീജിതും അനീഷയും തമ്മിൽ ഉണ്ടായ കുടുംബ വഴക്കിനെതുടർന്നാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ബന്ധുക്കളായ ശ്രീജിതും അനീഷയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ജോലിക്കായി സൗദിയിലെത്തിയ അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്. പ്രസവ സമയത്ത് അനീഷയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മഹ് ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam