പ്രസവാവധി നിഷേധിക്കപ്പെട്ട് സൗദിയില്‍ ദുരിതത്തിലായ മലയാളി നേഴ്സ് നാട്ടിലേക്ക്

By Web TeamFirst Published Mar 23, 2019, 12:02 AM IST
Highlights

 ടിന്‍റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. എന്നാൽ, പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടു

ദമാം: താങ്ങാവുന്നതിലേറെ ദുരിതങ്ങള്‍ സഹിച്ച ശേഷം സൗദിയില്‍ നിന്ന് കോട്ടയം സ്വദേശിയായ മലയാളി നഴ്സ് ഒടുവില്‍ നാട്ടിലേക്ക്. സൗദിയിൽ പ്രസവാവധി നിഷേധിക്കപ്പെട്ട ടിന്റു സ്റ്റീഫനാണ് ലേബർ കോടതി വിധിയുടെ പിൻബലത്തിൽ കൈക്കുഞ്ഞുമായി ഇന്ന് നാട്ടിലേക്ക് മടങ്ങിയത്.

മൂന്ന് വർഷത്തെ കരാറിൽ 2017 ൽ സൗദിയിലെ അബഹയിൽ സ്വകാര്യ പോളിക്ലിനിക്കിലെത്തിയ കോട്ടയം ഉഴവൂർ സ്വദേശി ടിന്റു സ്റ്റീഫന്‍ ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ടിന്‍റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

എന്നാൽ, പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടു. തുടർന്ന് അബഹയിൽത്തന്നെയാണ് ടിന്റു ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. എന്നിട്ടും നാട്ടിലേക്കു മടങ്ങാൻ ജോലി ചെയ്തിരുന്ന സ്ഥാപനം അനുവദിച്ചില്ല.

തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ ബിജു നായർ, അഷ്‌റഫ് കുറ്റിച്ചൽ എന്നിവർ ഇടപെട്ട് അബഹ ഗവർണറേറ്റിലും ലേബർ കോടതിയിലും പരാതി നൽകി. തുടര്‍ന്ന് രണ്ട് മാസം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ടിന്റുവിന് അനുകൂലമായി കഴിഞ്ഞ ദിവസം ലേബർ കോടതി വിധിക്കുകയായിരുന്നു. 

click me!