Latest Videos

'കടലും കടന്ന് ഓട്ടോ പ്രേമം'; ദുബൈ നിരത്തുകളില്‍ ഓട്ടോറിക്ഷ ഓടിച്ച് താരമായി മലയാളി

By Jojy JamesFirst Published Jul 9, 2023, 6:52 PM IST
Highlights

90 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ഓട്ടോ പറക്കും. ദുബായിലെയും ഷാര്‍ജയിലെയും ഒട്ടുമിക്ക റോഡികളിലെല്ലാം ജുലാഷും ഓട്ടോറിക്ഷയും എത്തി.

ദുബൈ: ദുബൈയില്‍ താരമായി ഒരു ഓട്ടോറിക്ഷ. സൂപ്പര്‍ കാറുകള്‍ കുതിച്ച് പായുന്ന ദുബൈ  നിരത്തുകളിലെ പുതിയ സംസാരവിഷയം. മലയാളിയുടെ സ്വന്തം ഓട്ടോറിക്ഷ. ആഡംബര കാറുകൾ നിറഞ്ഞ ദുബൈ നിരത്തുകളില്‍ ആഡ്യത്വത്തോടെ കുതിച്ച് പായുകയാണ് തൃശൂര്‍ക്കാരന്‍ ജുലാഷിന്‍റെ ഓട്ടോ.

ഓട്ടോറിക്ഷയോടുള്ള ഇഷ്ടം തന്നെയാണ് സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങാൻ ജുലാഷിനെ പ്രേരിപ്പിച്ചത്. ഇറ്റലിയിൽ നിന്നാണ് ജുലാഷ് ഈ ഓട്ടോ സ്വന്തമാക്കിയത്. അങ്ങനെ ദുബായിലെ ഓട്ടോ മുതലാളിയായ ആദ്യ മലയാളിയായി ഇദ്ദേഹം.

നാല്‍പ്പതിനായിരം ദിര്‍ഹം ചെലവഴിച്ചാണ് ഓട്ടോ ദുബൈയിലെത്തിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം വേണ്ടി വന്നു. ഷാര്‍ജയില്‍ ക്ലാസിക് കാറ്റഗറിയിലാണ് ഓട്ടോയുടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

90 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ഓട്ടോ പറക്കും. ദുബായിലെയും ഷാര്‍ജയിലെയും ഒട്ടുമിക്ക റോഡികളിലെല്ലാം ജുലാഷും ഓട്ടോറിക്ഷയും എത്തി. ഷെയ്ഖ് സായിദ് റോഡില്‍ അംബരചുംബികൾക്കിടയിലൂടെ ജുലാഷിന്‍റെ ഓട്ടോറിക്ഷ പോകുന്നത് ഒരു വേറിട്ട കാഴ്ച തന്നെയായിരുന്നു.

യുഎഇയിലെ അതിവേഗ റോഡുകളിലൂടെ പോകുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഈ ഒട്ടോറിക്ഷയിലുണ്ട്. സീറ്റ് ബെല്‍റ്റും എബിഎസ് ബ്രേക്ക് സംവിധാനവുമെല്ലാമുള്ള ഓട്ടോ ഒരു പക്ഷേ മലയാളികൾ തന്നെ കാണുന്നത് ആദ്യമായിരിക്കും.

Read Also -ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു; പഴയ സഹപാഠികള്‍ക്കൊപ്പം ഓര്‍മ്മകള്‍ പുതുക്കി ശൈഖ് മുഹമ്മദ് , അപൂര്‍വ സംഗമം

ദുബായില്‍ മുച്ചക്ര വാഹനങ്ങളില്ലാത്തതതിനാല്‍ ഇരുചക്ര വാഹനങ്ങൾക്കുള്ള ലൈസന്‍സ് മതി ഓട്ടോ ഓടിക്കാന്‍. പെട്രോളില്‍ ഓടുന്ന ഈ ഓട്ടോ പോക്കറ്റിനും ലാഭമാണെന്ന് ജുലാഷ്. ജുലാഷും ഓട്ടോയും പോകുമ്പോഴെല്ലാം കൗതുകത്തോടെയും അത്ഭുതത്തോടെയും ആളുകൾ ഈ ഓട്ടോറിക്ഷയെ നോക്കും. പലരും ജുലാഷിനും ഒട്ടോയ്ക്കും ഒപ്പം ഫോട്ടോയെടുക്കും. സൂപ്പര്‍ കാറുമായി പോയാല്‍ പോലും ഇത്രയേറെ സ്വീകാര്യത കിട്ടില്ലെന്നാണ് ജുലാഷ് പറയുന്നത്.

ദിവസങ്ങൾക്കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ലക്ഷക്കണക്കിന് പേരാണ് ഈ ഓട്ടോ കണ്ടത്. രസകരമായ ഒട്ടേറെ അനുഭവങ്ങളും ഓട്ടോയുമായി പോയപ്പോൾ ജുലാഷിന് ഉണ്ടായിട്ടുണ്ട്.

Read Also - ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സിറിയൻ സയാമീസുകളെ സൗദിയിൽ വിജയകരമായി വേർപെടുത്തി

ജന്മനാടിന്‍റെ അനുഭവങ്ങളും സംസ്കാരിക വൈവിധ്യങ്ങളുമെല്ലാം പുറം നാട്ടിലും ചേര്‍ത്ത് പിടിക്കുന്നവരാണ് മലയാളികൾ. ആ ഗണത്തില്‍ ഏറ്റവും പുതിയതാണ് ദുബായ് നിരത്തു കീഴടക്കിയ ഈ ഓട്ടോറിക്ഷയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!