നാലരമാസത്തിനിടെ നവജാതശിശുവിന് നാല് ശസ്ത്രക്രീയ; മൂന്ന് കോടിയുടെ ബില്ല് നല്‍കാനില്ലാതെ ദുബായിലെ മലയാളി കുടുംബം

By Web TeamFirst Published Mar 1, 2020, 11:59 PM IST
Highlights

 കുടലിൽ ഒന്നിലേറെ ഭാഗത്തുണ്ടായ പൊട്ടലുകള്‍ ദഹനേന്ദ്രിയത്തെ ബാധിച്ചതോടെയായിരുന്നു ആദ്യ ശസത്രക്രിയ.

ദുബായ്: ബില്ല് അടക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ നവജാത ശിശുവുമായി ആശുപത്രി വിടാനാകാതെ ദുബായില്‍ മലയാളി കുടുംബം വിഷമത്തിലായിരിക്കുകയാണ്. നാലരമാസം പ്രായമുള്ള കുട്ടിക്ക് നടത്തിയ നാല് ശസ്ത്രക്രിയകള്‍ക്ക് മൂന്ന് കോടിയിലേറെ രൂപയാണ് ആശുപത്രി ചിലവായി വന്നത്.

വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായതെങ്കിലും തൃശ്ശൂര്‍ സ്വദേശികളായ റെസില്‍-ശ്രുതി ദമ്പതികള്‍ക്ക് ഇതുവരെ സന്തോഷിക്കാനായിട്ടില്ല. ആറാം മാസത്തിൽ പ്രസവിച്ച കുട്ടിയെ കഴിഞ്ഞ നാലരമാസത്തിനിടെ വിധേയമാക്കിയത് നാല് ശസ്ത്രക്രിയകള്‍ക്കാണ്.  കുടലിൽ ഒന്നിലേറെ ഭാഗത്തുണ്ടായ പൊട്ടലുകള്‍ ദഹനേന്ദ്രിയത്തെ ബാധിച്ചതോടെയായിരുന്നു ആദ്യ ശസത്രക്രിയ. റെറ്റിനയിൽ രക്തം കിനിയുന്നത് കണ്ടെത്തിയതോടെ കണ്ണുകളിലും ശസ്ത്രിക്രിയ നടത്തി. രോഗം ഭേദമായിവരുന്ന ആശ്വാസത്തില്‍ കഴിയുമ്പോഴാണ് ഹെർണിയ ബാധിച്ചത്. തുടർന്ന് നാലാമത്തെ ശസ്ത്രക്രിയയും നടത്തി.

"

രോഗങ്ങളെല്ലാം ഭേദമായി കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാമെന്ന സ്ഥിതിയിലാണിപ്പോള്‍ കുടുംബം. പക്ഷേ, 17.5 ലക്ഷം ദിർഹം അതായത് മൂന്ന് കോടി രൂപയിലേറെ അടച്ചാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാവൂ. ഇതിന് വഴിയില്ലാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ദുബായില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന റിസിലും കുടുംബവും. ഗള്‍ഫ് മലയാളികളുടെ കാരുണ്യമുണ്ടെങ്കില്‍ മാത്രമേ ആദ്യത്തെ കണ്‍മണിയുമായി ഈ പ്രവാസി ദമ്പതികള്‍ക്ക് ആശുപത്രി വിടാനാകൂ.

click me!