നാട്ടില്‍ നിന്ന് പുറപ്പെട്ട മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു

Published : Feb 16, 2023, 06:18 PM IST
നാട്ടില്‍ നിന്ന് പുറപ്പെട്ട മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു

Synopsis

യാത്രയ്ക്കിടെ ദിലീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാന യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ അടിയന്തര പരിചരണം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലണ്ടന്‍: കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ വിമാനത്തില്‍ വെച്ച് മരിച്ചു. ബ്രിട്ടനിലെ നോട്ടിങ്‍ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ 149 വിമാനത്തിലെ യാത്രക്കാരനായിരുന്നു അദ്ദേഹം. ദിലീപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുകയായിരുന്ന ഭാര്യ സോഫിയയെ തേടിയെത്തിയതാവട്ടെ പ്രിയ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്തയും.

യാത്രയ്ക്കിടെ ദിലീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാന യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ അടിയന്തര പരിചരണം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി, ലണ്ടന്‍ ഓഫീസുകളിലേക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചു. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ വിവരമറിയിക്കാനും വിമാന ജീവനക്കാര്‍ ഓഫീസുകളിലേക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

വിമാനത്തില്‍ നിന്ന് ലഭിച്ച സന്ദേശം, എയര്‍ ഇന്ത്യയിലെ ഒരു മലയാളി ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ അപ്പോഴേക്കും ദിലീപിനെ സ്വീകരിക്കാന്‍ ഭാര്യ സോഫിയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന്നു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണെന്ന വിവരം സോഫിയയെ അറിയിച്ചു. വിയോഗ വാര്‍ത്തയും പിന്നാലെയെത്തി.

മൃതദേഹം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് സഹായത്തോടെ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായി നോട്ടിങ്‍ഹാമിലെത്തിയ ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്, ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാന്‍ സ്വദേശിയായ സോഫിയയെ വിവാഹം ചെയ്യുകയായിരുന്നു. മൂന്ന് മക്കളുണ്ട്.

Read also: സന്ദർശക വിസയിൽ മക്കളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ; ബോളിവുഡ് താരം രേഖയെ ആദരിച്ച് സൗദി അറേബ്യ
വാഹന മോഷണവും കവർച്ചാ ശ്രമവും; കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിരമിച്ച ഉദ്യോഗസ്ഥന് കഠിന തടവ്