
അബുദാബി: യുഎഇയിൽ സന്ദർശനത്തിനെത്തിയ കുടുംബത്തെ വിമാനത്താവളത്തിൽ യാത്രയാക്കി മണിക്കൂറുകൾക്കകം മലയാളി എൻജിനീയർ ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ആലപ്പുഴ സ്വദേശി മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് ശ്രീഹരിയിൽ ഹരിരാജ് സുദേവൻ ആണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു.
ഭാര്യ ഡോ. അനു അശോകിനെയും മകൻ ഇഷാൻ ദേവ് ഹരിയെയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷമായിരുന്നു സംഭവം. കഴിഞ്ഞ 10 ദിവസമായി ഭാര്യയും മകനും ഹരിരാജിനൊപ്പം ഉണ്ടായിരുന്നു. 'അനുവും മകനും ഞായറാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങി. അവർക്ക് യുഎഇ റെസിഡൻസ് വിസ ഉള്ളതിനാൽ ആറ് മാസത്തിലൊരിക്കൽ വന്ന് കുറച്ച് ദിവസങ്ങൾ ഹരിരാജിനൊപ്പം താമസിക്കാറുണ്ട്' -ഹരിരാജിന്‍റെ ഭാര്യാപിതാവ് അശോകൻ കെ.പി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
ഈ മാസം 27-ന് മകൻ ഇഷാൻ ദേവിന്‍റെ പത്താം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാൻ ഹരിരാജ് നേരത്തെ അവധിയെടുത്തിരുന്നു. 12 വർഷമായി യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു ഹരിരാജ്. കഴിഞ്ഞ വർഷമാണ് ദുബൈയിൽ നിന്ന് അബുദാബിയിലേക്ക് താമസം മാറിയത്. ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ എത്തിച്ച ശേഷം തിരിച്ചെത്തിയ ഹരിരാജ്, തന്‍റെ സുഹൃത്തും അയൽവാസിയുമായ ഡിജിൻ തോമസിന്‍റെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. രാത്രി 11:40 ഓടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസതടസ്സം അനുഭവപ്പെടുകയും അമിതമായി വിയര്‍ത്തിരുന്നതായും ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് ഡിജിൻ തോമസ് പറഞ്ഞു.
പ്രമേഹരോഗിയായിരുന്നെങ്കിലും ഭക്ഷണക്രമീകരണത്തിലൂടെ നിയന്ത്രിച്ചിരുന്നു. അടുത്തിടെ നടത്തിയ ഇസിജി പരിശോധനയിൽ ചില പ്രശ്നങ്ങൾ കണ്ടിരുന്നുവെങ്കിലും കൂടുതൽ പരിശോധനകളിൽ കുഴപ്പമൊന്നുമില്ലായിരുന്നു. നെഞ്ചെരിച്ചിൽ കാരണം ഇത് ഗ്യാസ്ട്രിക് പ്രശ്നമാണെന്നാണ് കരുതിയിരുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) നിന്ന് ബി.ടെക്കും, ഐഐടി മദ്രാസിൽ നിന്ന് എം.ടെക്കും പൂർത്തിയാക്കിയ മികച്ച വിദ്യാർത്ഥിയായിരുന്നു ഹരിരാജ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹരിരാജിന്‍റെ ഭൗതിക ശരീരം ആലപ്പുഴയിലെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച സംസ്കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ