
റിയാദ്: മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടിൽ പോകാനൊരുങ്ങിയ മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് ദക്ഷിണ സൗദിയിലെ അബൂ ആരിഷിൽ ഉറക്കത്തിനിടയിൽ മരിച്ചത്. ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ റെഡ്ക്രസൻറ് സംഘത്തെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അബൂ ആരീഷ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലും യു.എ.ഇയിലും ഒമാനിലുമായി 25 വർഷത്തിലധികമായി പ്രവാസിയായിരുന്നു. ആറു മാസം മുമ്പാണ് അബൂ ആരീഷിൽ എത്തിയത്. നാട്ടിൽ പോയി വന്നിട്ട് നാല് വർഷമായി. മകളുടെ വിവാഹത്തിന് അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം.
പരേതരായ തച്ചറക്കൽ കമ്മദ്, പാത്തുമ്മ ഉണ്ണിയാലുങ്ങൽ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഉമ്മുഹബീബ. മക്കൾ: റംല, റഹ്മത്ത്, റഫ ജാസ്മിൻ, മുഹമ്മദ് റബീഹ്. മരുമക്കൾ: ജലീൽ പാന്താരങ്ങാടി, ഇഖ്ബാൽ പാലായി. പരേതരായ ഹൈദർ, കദീജ, ആയിശ എന്നവർ സഹോദരരാണ്. മരണാനന്തര നടപടികൾക്ക് ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഖാലിദ് പട്ല, അബ്ദുല്ലത്തീഫ് കൊളപ്പുറം, മുഹമ്മദ് റാഫി ഉള്ളണം, മൻസൂർ കുണ്ടോട്ടി എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam