
റിയാദ്: പ്രവാസി മലയാളിയെ സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര താമരക്കുളം പ്രതീക്ഷയിൽ ഭാസ്ക്കരൻ നായർ സുരേഷ് കുമാറാണ് (57) മരിച്ചത്. നേരത്തെ പെപ്സി കമ്പനിയിൽ സെയിൽസ്മാനായിരുന്ന ഇദ്ദേഹം നിലവിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം സ്ഥാപനത്തിൻ്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് സഹപ്രവർത്തകർ ജിദ്ദയിലേക്ക് പോയതിന് ശേഷം ഇദ്ദേഹത്തിൻ്റെ ഫോൺ ഓഫ് മോഡിലായിരുന്നു. തുടർന്ന് സുഹൃത്ത് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹ അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ നാട്ടിൽ നിന്ന് വന്നിട്ട് അഞ്ച് വർഷമായി. ഭാര്യ: സിന്ധു, മക്കൾ: അഖില, അഖിൽ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ അബഹയിലുള്ള സുഹൃത്ത് അഭിലാഷിന്റെ പേരിൽ അനുമതി പത്രം ലഭ്യമാക്കിയിട്ടുണ്ട്. സഹായത്തിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സേവന വിഭാഗം വളന്റിയറായ ബിജു ആർ നായരും കൂടെ ഇബ്റാഹിം പട്ടാമ്പി, ഹനിഫ് മഞ്ചേശ്വരം, മുജീബ് ചടയമംഗലം എന്നിവരും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam