യുഎഇയിലെ നറുക്കെടുപ്പില്‍ കിട്ടിയ 65 ലക്ഷം 'യഥാര്‍ത്ഥ അവകാശിക്ക്' കൈമാറി മലയാളിയുടെ സത്യസന്ധത

Published : Sep 19, 2022, 12:01 PM ISTUpdated : Sep 19, 2022, 12:02 PM IST
യുഎഇയിലെ നറുക്കെടുപ്പില്‍ കിട്ടിയ 65 ലക്ഷം 'യഥാര്‍ത്ഥ അവകാശിക്ക്' കൈമാറി മലയാളിയുടെ സത്യസന്ധത

Synopsis

ഫയാസിന്റെ ഒരു ബന്ധുവിനൊപ്പം ജോലി ചെയ്യുന്ന സ്വദേശി വനിത ഇടയ്‍ക്ക് തനിക്ക് വേണ്ടി ബിഗ് ടിക്കറ്റെടുക്കാന്‍ ഫയാസിനോട് ആവശ്യപ്പെടുമായിരുന്നു. ജൂലൈ മാസത്തില്‍ അതുപോലെ മൂന്ന് ടിക്കറ്റെടുക്കാന്‍ അവര്‍ ഫയാസിന്റെ ബന്ധു വഴി പണം നല്‍കി. സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വന്തം പേരിലാണ് ഫയാസ് അവര്‍ക്ക് വേണ്ടി ടിക്കറ്റെടുത്തത്.

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അതിന്റെ 'യഥാര്‍ത്ഥ അവകാശിക്ക്' കൈമാറി മലയാളി യുവാവ്. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശി പറഞ്ഞാറയില്‍ ഇബ്രാഹീമിന്റെ മകന്‍ ഫയാസിനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം ലഭിച്ചത്. എന്നാല്‍ ഒരു സ്വദേശി വനിത നല്‍കിയ പണം കൊണ്ട് അവര്‍ക്കായാണ് ഫയാസ് ഈ ടിക്കറ്റ് എടുത്തിരുന്നത്.

ഫയാസിന്റെ ഒരു ബന്ധുവിനൊപ്പം ജോലി ചെയ്യുന്ന സ്വദേശി വനിത ഇടയ്‍ക്ക് തനിക്ക് വേണ്ടി ബിഗ് ടിക്കറ്റെടുക്കാന്‍ ഫയാസിനോട് ആവശ്യപ്പെടുമായിരുന്നു. ജൂലൈ മാസത്തില്‍ അതുപോലെ മൂന്ന് ടിക്കറ്റെടുക്കാന്‍ അവര്‍ ഫയാസിന്റെ ബന്ധു വഴി പണം നല്‍കി. സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വന്തം പേരിലാണ് ഫയാസ് അവര്‍ക്ക് വേണ്ടി ടിക്കറ്റെടുത്തത്. ജൂലൈ മാസത്തില്‍ പ്രധാന നറുക്കെടുപ്പിന് പുറമെ ഓരോ ആഴ്ചയിലും ടിക്കറ്റെടുത്തവരെ ഉള്‍പ്പെടുത്തി ബിഗ് ടിക്കറ്റ് പ്രത്യേക പ്രതിവാര നറുക്കെടുപ്പും നടത്തിയിരുന്നു. ഇങ്ങനെ ജൂലൈ 25ന് നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് 251189 എന്ന നമ്പറിലൂടെ ഫയാസിന് മൂന്ന് ലക്ഷം ദിര്‍ഹം (65 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. 

സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയ ഫയാസ്, എന്നാല്‍ ആ പണം തനിക്ക് അവകാശപ്പെട്ടതല്ലെന്ന് തിരിച്ചറിഞ്ഞ്, ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ സ്വദേശി വനിതയെ അപ്പോള്‍ തന്നെ വിവരമറിയിച്ചു. സമ്മാനത്തുക ലഭിക്കുന്നതിനാവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചതോടെ സെപ്റ്റംബര്‍ 14ന് നടപടികള്‍ പൂര്‍ത്തിയാക്കി ബിഗ് ടിക്കറ്റ് അധികൃതര്‍ പണം ഫയാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഉടന്‍ തന്നെ ഫയാസ്, സ്വദേശി വനിതയ്ക്ക് സമ്മാനത്തുക കൈമാറുകയും ചെയ്‍തു.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും വാര്‍ത്താക്കുറിപ്പുകളിലുമെല്ലാം സമ്മാനാര്‍ഹനായി ഫയാസിന്റെ പേരാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ അഭിനന്ദനവുമായി എത്തിയെങ്കിലും വിജയം തനിക്ക് അവകാശപ്പെട്ടതല്ലെന്ന് ഫയാസ് അവരെ അറിയിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം ഫയാസ് വിളിച്ച് അറിയിച്ചില്ലായിരുന്നെങ്കില്‍ അക്കാര്യം പണം നല്‍കിയ സ്വദേശി വനിത അറിയുമായിരുന്നില്ല. സമ്മാനം ലഭിച്ച സന്തോഷത്തില്‍ അവര്‍ ഫയാസിന് പാരിതോഷികം നല്‍കുകയും ചെയ്തു. തന്നിലൂടെ ഒരാള്‍ക്ക് ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് ഏഴ് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഈ മലയാളി യുവാവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്