മറ്റു മാര്‍ഗമില്ലാതെ എംബസിയില്‍ വിളിച്ചു,15 മിനിറ്റിനുള്ളില്‍ പരിഹാരമേകി എംബസിയുടെ കരുതല്‍; മലയാളിയുടെ അനുഭവം

By Web TeamFirst Published Apr 13, 2020, 5:07 PM IST
Highlights

'മരുന്ന് ലഭിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ ഏറെ ആശങ്കയോടെയാണ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചത്. ഫോണ്‍ എടുത്തയാള്‍ മെഡിക്കല്‍ വിഭാഗവുമായി ബന്ധപ്പെടുത്തി. കാര്യങ്ങള്‍ അറിഞ്ഞ ശേഷം തിരികെ വിളിക്കാമെന്ന് അവര്‍ മറുപടിയും നല്‍കി'.

ദോഹ: പ്രവാസി മലയാളികള്‍ക്ക് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് ഏറ്റവും എളുപ്പത്തില്‍ സമീപിക്കാവുന്ന ഇടങ്ങളാണ് ഇന്ത്യന്‍ എംബസികള്‍. എംബസികളില്‍ വിളിക്കുന്നവര്‍ക്ക് സഹായങ്ങള്‍ വേണ്ട വിധത്തില്‍ ലഭിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില പരാതികള്‍ ഉയരാറുമുണ്ട്. ഇവയെ എല്ലാം പൊളിച്ചെഴുതുകയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട്  നാദാപുരം വാണിമേല്‍ സ്വദേശിയായ ഇബ്രാഹിം കരുവാന്‍കുനി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ എംബസിയില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കരുതലോടെ മിനിറ്റുകള്‍ക്കകം പരിഹാരം ഒരുക്കിയ ഇന്ത്യന്‍ എംബസിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ് അദ്ദേഹം. 

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ഖത്തറിലേക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുപോകുകയാണ് പതിവ്. അടുത്തിടെ മരുന്നുകള്‍ തീര്‍ന്നതോടെ ഖത്തറില്‍ ഫാര്‍മസികളെ സമീപിച്ചെങ്കിലും ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതു കൊണ്ട് മരുന്ന് ലഭിച്ചില്ലെന്നും സ്ഥിരമായി കഴിക്കുന്ന അതേ മരുന്ന് കിട്ടാനില്ലായിരുന്നെന്നും ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

മരുന്ന് ലഭിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ ഏറെ ആശങ്കയോടെയാണ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചത്. ഫോണ്‍ എടുത്തയാള്‍ മെഡിക്കല്‍ വിഭാഗവുമായി ബന്ധപ്പെടുത്തി. കാര്യങ്ങള്‍ അറിഞ്ഞ ശേഷം തിരികെ വിളിക്കാമെന്ന് അവര്‍ മറുപടിയും നല്‍കി. തൊട്ടു പിന്നാലെ തന്നെ ഡോ. മോഹന്‍ തോമസ് വിളിച്ചു. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി തീര്‍ന്ന വിവരവും ഡോക്ടറിനോട് ഇബ്രാഹിം പറഞ്ഞു. ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പെടെ പുതുക്കി ഡോക്ടറുടെ കുറിപ്പും സര്‍ക്കാരിന്റെ അനുമതിയും വാങ്ങിയെന്ന വിവരമാണ് ഇന്ത്യന്‍ എംബസി ഇബ്രാഹിമിനെ അറിയിച്ചത്. ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങിയാല്‍ മാത്രം മതിയായിരുന്നു. ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ വേണ്ട ഫീസായ 100 റിയാല്‍ പോലും വാങ്ങിയില്ലെന്നും തന്റെ പ്രശ്‌നം 15 മിനിറ്റിനുള്ളില്‍ എംബസി പരിഹരിച്ചെന്നും ഏറെ സന്തോഷത്തോടെയും നന്ദിയോടെയും ഇബ്രാഹിം ഓര്‍ത്തെടുത്തു.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വിശ്വസിച്ച് എംബസിയുമായി ബന്ധപ്പെടാതിരിക്കരുതെന്നും തന്റെ അനുഭവത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ഇബ്രാഹിം പറയുന്നു. വളരെ മികച്ച സമീപനമാണ് ഇന്ത്യന്‍ എംബസിയുടേതെന്നും സധൈര്യം വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!