
റിയാദ്: നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെയാണ് (42) സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. നജറാനിൽ 13 വർഷമായി കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാബു ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നത്.
നജ്റാനിലെ ഒരു നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരമാസം അവിടെ തുടർന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. അതോടെ നാട്ടിലെ ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജ്റാനിലെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വളന്റിയറും നജ്റാൻ പ്രതിഭ കലാസാംസ്കാരിക വേദി സേവന വിഭാഗം കാൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
അബോധാവസ്ഥയിലുള്ള രോഗിയെ നാട്ടിൽ എത്തിക്കുന്നതിന് വരുന്ന ഭീമമായ ചെലവും ആശുപത്രി ബില്ലായ മുന്നര ലക്ഷം റിയാലും പ്രതിസന്ധിയായി. തുടർന്ന് അദ്ദേഹം ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി സമൂഹത്തിന്റെയും സഹായം തേടി.
മൂന്നരലക്ഷം റിയാലിന്റെ ബില്ല് ഇൻഷുറൻസ് കമ്പനി നിരസിച്ചതിനെ തുടർന്ന് കോൺസുലേറ്റ് അധികൃതർ ആശുപത്രി മേധാവിക്കും നജ്റാൻ ആരോഗ്യവകുപ്പ് മേധാവിക്കും കത്ത് നൽകി. തുടർന്ന് ബിൽ തുക രണ്ട് ലക്ഷത്തി മുപ്പതിനായിരം റിയാലാക്കി കുറച്ചു. തുടർന്ന് ഇൻഷുറൻസ് കമ്പനി അത് വഹിക്കാൻ തയാറായി.
ഇതോടെ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ ചെലവ് വരുന്ന 41,000 റിയാൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുറച്ച് തുക ജിദ്ദ കോൺസുലേറ്റ് സഹായിക്കാം എന്ന് അറിയിച്ചു. ആ തുക വായ്‍പയായി കണ്ടെത്തുകയും ബാക്കി നജ്റാനിലെ പ്രവാസി സമൂഹം നൽകുകയും ചെയ്തു. അതിന് ശേഷം ഇദ്ദേഹത്തെ പരിചരിച്ച് കൂടെപോകാൻ ഒരു നഴ്സിനും സഹായിക്കുമായി അന്വേഷണമായി. ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിലെ പുരുഷ നഴ്സ് ഷിനു വർഗീസും സഹായിയായി അബഹയിലെ ആദർശും മുന്നോട്ട് വന്നു.
തുടർന്ന് കഴിഞ്ഞ ദിവസം നജ്റാനിൽനിന്ന് സൗദി അറേബ്യൻ വിമാനത്തിൽ റിയാദിലും അവിടെ നിന്നും കൊച്ചിയിലേക്കും കൊണ്ടുപോയി. അവിടെനിന്നും നോർക്കയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ വിപിൻ അടക്കമുള്ള മലയാളി ജീവനക്കാർ, ഡോക്ടർമാർ, സൗദി ഗവൺമെൻറിലെ ഉദ്യോഗസ്ഥർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യാഗസ്ഥർ എന്നിവർക്കും നജ്റാനിലെ പ്രവാസി സമുഹത്തിനും സിറാജ്, റോബിൻ, ബഷീർ, വൈശാഖ്, സെയ്ഫു, സുരേഷ്, ആദർശ് തുടങ്ങിയവർക്കും പ്രതിഭ സാംസ്കാരിക വേദി നന്ദി അറിയിച്ചു. പ്രതിഭ കലാസാംസ്കാരിക വേദിയുടെ അംഗമാണ് സാബു സുദേവൻ. ഇന്ദു ആണ് ഭാര്യ. വൈഗ, വൈരുദ്ധ് എന്നിവർ മക്കളാണ്.
Read also: പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ ഒന്നര വർഷം; യുപി സ്വദേശി നാടണഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ