കാറിലിരുന്ന് കരഞ്ഞപ്പോഴേക്ക് ഡ്രൈവര്‍ക്ക് ഫോണ്‍ വിളിയെത്തി; ഇങ്ങനെയാണ് യുഎഇ ഏറ്റവും സുരക്ഷിതമാവുന്നത് - വൈറലായി മലയാളിയുടെ സന്ദേശം

By Web TeamFirst Published Dec 14, 2019, 1:03 PM IST
Highlights

മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ ഡ്രൈവര്‍ക്ക് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയെത്തി. ടാക്സി കാറിനുള്ളില്‍ ഒരു സ്ത്രീ കരയുന്നത് എന്തിനാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ചോദിച്ചത്. കാര്യങ്ങള്‍ ഡ്രൈവര്‍ തന്നെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും അധികൃതര്‍ക്ക് അതുകൊണ്ട് വിശ്വാസം വന്നില്ല. 

ദുബായ്: അന്നം നല്‍കുന്ന നാട് തങ്ങള്‍ക്കേകുന്ന സുരക്ഷിതത്വത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി വിവരിക്കുന്ന വാട്സ്ആപ് സന്ദേശം വൈറലാണിപ്പോള്‍. തന്റെ ഭാര്യാ സഹോദരിക്ക് ദുബായ് ടാക്സിയില്‍ വെച്ചുണ്ടായ അനുഭവമാണ് ദുബായില്‍ എഞ്ചിനീയറായ നവീദ് വാട്സ്ആപിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്. 

ഷാര്‍ജ മുഹൈസിനയില്‍ താമസിക്കുന്ന നവീദ് ജോലി കഴിഞ്ഞ് വീട്ടിലെത്തി, നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യയുടെ ബന്ധു മരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് യുഎഇയില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു. ഡമാസ്‍കസ് സ്ട്രീറ്റിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരിയെയും ഫോണ്‍ വിളിച്ചു. മരണ വിവരം പറയാതെ, എത്രയും വേഗം ഒരു ടാക്സി വിളിച്ച് തങ്ങളുടെ വീട്ടിലെത്താനിയിരുന്നു ഭാര്യാ സഹോദരിയോട് പറഞ്ഞത്.

ഇത് കേട്ട് ഉടന്‍ തന്നെ ടാക്സിയില്‍ കയറി വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും എന്താണെന്ന് കാര്യമെന്നറിയാതെ നവീദിനെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു. ഒടുവില്‍ നവീദ് ഭാര്യാ സഹോദരിയോട് ബന്ധുവിന്റെ മരണവിവരം പറഞ്ഞു. ഇത് കേട്ടതും ഇവര്‍ കാറിനുള്ളിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ ഡ്രൈവര്‍ക്ക് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയെത്തി. ടാക്സി കാറിനുള്ളില്‍ ഒരു സ്ത്രീ കരയുന്നത് എന്തിനാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ചോദിച്ചത്. കാര്യങ്ങള്‍ ഡ്രൈവര്‍ തന്നെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും അധികൃതര്‍ക്ക് അതുകൊണ്ട് വിശ്വാസം വന്നില്ല. ഉടന്‍ വാഹനം നിര്‍ത്താനും ഫോണ്‍, യാത്രക്കാരിക്ക് കൈമാറാനുമായി നിര്‍ദേശം. ഇതനുസരിച്ച് വാഹനം നിര്‍ത്തിയ ശേഷം യാത്രക്കാരി തന്നെ നേരിട്ട് വിവരം പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ യാത്ര തുടരാന്‍ നിര്‍ദേശിച്ചത്. ക്യാമാറാ നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ദുബായിലെ ട്കാസി വാഹനങ്ങളില്‍ നിര്‍ബന്ധമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ വാഹനത്തെയും നിരിക്ഷിക്കാനുമാവും.

നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് നവീദ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്.  ജനങ്ങളുടെ സുരക്ഷിയ്ക്കായി കണ്ണുതുറന്ന് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ഭരണ സംവിധാനവുമുള്ള യുഎഇയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഈ സന്ദേശം പങ്കുവെയ്ക്കുകയാണ് പ്രവാസികള്‍.

click me!