സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു

By Web TeamFirst Published Jun 23, 2021, 4:34 PM IST
Highlights

നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാൻസ്‍ഫോർമറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സുഹൃത്തായ തമിഴ്നാട് സ്വദേശി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. 

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു. റിയാദിന് സമീപം അൽഖർജിൽ വെച്ചുണ്ടായ വാഹനാപകത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം ജില്ലയിലെ കരിക്കോട് ചാത്തനാംകുളം സ്വദേശി നിധിനെയാണ് റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്‌. നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാൻസ്‍ഫോർമറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സുഹൃത്തായ തമിഴ്നാട് സ്വദേശി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മറ്റൊരു സുഹൃത്തായ ആലപ്പുഴ സ്വദേശി രഞ്ജിത്തിനെ തുടർ ചികിത്സാർത്ഥം കേളിയുടെ സഹായത്തോടു കൂടിത്തന്നെ നാട്ടിലെത്തിച്ചിരുന്നു. 

വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്ത്യൻ എംബസിയുടേയും നോർക്കയുടെ അഭ്യർത്ഥന മാനിച്ചാണ് കേളി അൽഖർജ് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. മൂന്ന്മാസത്തോളം അബോധാവസ്‌ഥയിൽ അൽഖർജ്ജ് കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിധിനെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് അൽഖർജ്ജ് ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയുടെ വസതിയിൽ താമസിപ്പിച്ചത്. അരക്ക് കീഴെ ചലനശേഷി നഷ്ടപ്പെട്ട നിധിന്റെ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടെയുള്ള ശുശ്രൂഷകൾ നാസറും സഹോദരങ്ങളുമാണ് നോക്കിയിരുന്നത്.

ഇതിനിടെ സൗദി തൊഴിൽവകുപ്പുമായും, ഇന്ത്യൻ എംബസിയുമായും ബന്ധപെട്ട് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുകയും, നിധിന്റെ സ്പോൺസറെ സമീപിച്ച് ഹുറൂബ് ഒഴിവാക്കുകയും സൗദി സർക്കാരിലേക്ക് അടക്കേണ്ടതായ ഭീമമായ നഷ്ടപരിഹാരത്തുക ഒഴിവാക്കി കിട്ടുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം നിധിനെ കൂടുതൽ നല്ല ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി സ്വദേശത്തേക്ക് കയറ്റി വിട്ടു. നിധിന്റെ നാട്ടിലേക്കുള്ള തിരിച്ച് മടക്കത്തിന് കേളി ജീവകാരുണ്യ വിഭാഗം അൽഖർജ്ജ് ഏരിയ കൺവീനർ നാസർ പൊന്നാനി, ചെയർമാൻ ഗോപാലൻ, കേന്ദ്ര ജീവകാരുണ്യ വിഭാഗം അംഗം ഷാജഹാൻ കൊല്ലം എന്നിവർ നേത്യത്വം നൽകി. 

click me!