ഹജ്ജ് പുണ്യം നുകർന്ന് മലയാളി തീർഥാടകർ മടങ്ങുന്നു; ആദ്യ സംഘം തിങ്കളാഴ്ച പുറപ്പെടും

Published : May 31, 2026, 05:43 PM IST
hajj pilgrims

Synopsis

വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മലയാളി തീർഥാടകർ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. സ്വകാര്യ ഏജൻസികൾ വഴിയുള്ളവരുടെ മടക്കയാത്ര ആരംഭിച്ചപ്പോൾ, ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ളവർ മദീന സന്ദർശനത്തിന് ശേഷം മടങ്ങും. ഇത്തവണത്തെ ഹജ്ജ് കർമങ്ങൾ സുഗമമായിരുന്നുവെന്നും നാല് മലയാളികൾ മക്കയിൽ മരണപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.

റിയാദ്: വിശുദ്ധ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മലയാളി തീർഥാടകരുടെ മടക്കയാത്രയ്ക്ക് തുടക്കമായി. ആറു ദിവസം നീണ്ട ആത്മനിർവൃതിയുടെ ദിനങ്ങൾക്കൊടുവിൽ, ശനിയാഴ്ച മിനായിലെ മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കിയാണ് ഭൂരിഭാഗം മലയാളികളും മക്കയിലേക്ക് മടങ്ങിയത്. ഒട്ടുമിക്ക ഇന്ത്യൻ തീർഥാടകരും വെള്ളിയാഴ്ചയോടെ തന്നെ മക്കയിലെ താമസ്ഥലങ്ങളിൽ തിരിച്ചെത്തിയിരുന്നു.

ഹജ്ജ് മിഷനും സൗദി അധികൃതരും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതിനാൽ ഇത്തവണത്തെ കർമങ്ങൾ ഏറെ സുഗമമായാണ് പൂർത്തിയായത്. 'വിതൗട്ട് മഹ്‌റം' (പുരുഷ തുണയില്ലാതെ) വിഭാഗത്തിൽ വന്നവർ ഉൾപ്പെടെയുള്ള അവശരും രോഗികളുമായ ചില ഹാജിമാർക്ക് പ്രധാന ചടങ്ങുകളായ ത്വവാഫും സഈയും കൂടി നിർവഹിക്കാനുണ്ട്. വരും ദിവസങ്ങളിൽ ഇതും, ജന്മനാട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള വിടവാങ്ങൽ ത്വവാഫും (ത്വവാഫുൽ വിദാഅ്) പൂർത്തിയാക്കിയായിരിക്കും തീർഥാടകർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുക. സ്വകാര്യ ഏജൻസികൾ വഴി ഹജ്ജിനെത്തിയ തീർഥാടകരാണ് ആദ്യം നാട്ടിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ച മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇവരുടെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവരുടെ മടക്കയാത്ര ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. ആദ്യദിനത്തിൽ ജിദ്ദയിൽ നിന്ന് മുംബൈ, കൊൽക്കത്ത, ലക്‌നൗ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് മൂവായിരത്തോളം ഹാജിമാർ പുറപ്പെടും.

ജിദ്ദ വഴി ആദ്യമെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് ഹജ്ജിന് ശേഷമുള്ള മദീന സന്ദർശനം കൂടിയുണ്ട്. ഇവർ ജൂൺ മൂന്ന് മുതൽ പ്രവാചക നഗരിയായ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം മദീന വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകരുടെ മദീന സന്ദർശനവും ഹജ്ജിന് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവർ എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ജൂൺ 13 മുതലായിരിക്കും കേരളത്തിലേക്ക് മടങ്ങുക. അതേസമയം, ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകരിൽ നാല് മലയാളികൾ മക്കയിൽ വെച്ച് മരണപ്പെട്ടു. ഇതിൽ രണ്ടുപേർ ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതിന് മുൻപും, രണ്ടുപേർ കർമങ്ങൾക്കിടയിലുമാണ് വിടപറഞ്ഞത്. ഇവരുടെ ഭൗതികശരീരങ്ങൾ മക്കയിൽ തന്നെ ഖബറടക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ഉംറ കാലത്തിന് തുടക്കം; വിസ വിതരണം പുനരാരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം
വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങി; യാത്രക്കാരന്‍റെ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആറുകിലോയിലേറെ കഞ്ചാവ്