മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിലകപ്പെട്ട് ഗള്‍ഫില്‍ അനുഭവിക്കേണ്ടി വന്ന ദുരിത കഥകള്‍ പങ്കുവെച്ച് വീട്ടമ്മ

By Web TeamFirst Published Jun 21, 2022, 3:15 PM IST
Highlights

നാട്ടില്‍ തയ്യല്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിക്ക് ഗള്‍ഫില്‍ തയ്യല്‍ ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. അവിടെയെത്തിക്കഴിഞ്ഞപ്പോള്‍ ഒരു മാസം അറബിയുടെ വീട്ടില്‍ ജോലിക്ക് നിന്ന് ഭാഷ പഠിക്കണമെന്നും അതിന് ശേഷം മാത്രമേ തയ്യല്‍ ജോലി ലഭിക്കുകയുള്ളൂ എന്നും അറിയിച്ചു. 

കോട്ടയം: മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫില്‍ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി കോട്ടയം സ്വദേശിനിയായ വീട്ടമ്മ. അതിക്രൂരമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും രണ്ട് മാസത്തോളം ഇരയായി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിയ ശേഷവും മനുഷ്യക്കടത്ത് സംഘത്തിന്റെ ഭീഷണി തുടരുകയാണ്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത അലി എന്ന ഏജന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാണാമറയത്ത് തുടരുകയാണെന്നും ഒട്ടേറെ സ്ത്രീകള്‍ അവരുടെ കൈകളില്‍ അകപ്പെട്ടിട്ടുണ്ടെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നാട്ടില്‍ തയ്യല്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിക്ക് ഗള്‍ഫില്‍ തയ്യല്‍ ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. അവിടെയെത്തിക്കഴിഞ്ഞപ്പോള്‍ ഒരു മാസം അറബിയുടെ വീട്ടില്‍ ജോലിക്ക് നിന്ന് ഭാഷ പഠിക്കണമെന്നും അതിന് ശേഷം മാത്രമേ തയ്യല്‍ ജോലി ലഭിക്കുകയുള്ളൂ എന്നും അറിയിച്ചു. നിരവധി കുട്ടികളുണ്ടായിരുന്ന ആ വീട്ടില്‍ കുട്ടികളുടെ കൂടെ നിന്ന് ഭാഷ പഠിക്കാനായിരുന്നു ഉപദേശം.

45,000 രൂപ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് നാട്ടിലെ തയ്യല്‍ ജോലി ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് പോയതെന്ന് വീട്ടമ്മ പറഞ്ഞു. ഗള്‍ഫില്‍ പോകാന്‍ ആദ്യം എണ്‍പതിനായിരം രൂപയോളം ചെലവായി. പിന്നീട് മറ്റ് പല കാര്യങ്ങള്‍ പറഞ്ഞ് ഒന്നേകാല്‍ ലക്ഷ്യത്തോളം രൂപ ആകെ കൈപ്പറ്റി. അറബിയുടെ വീട്ടില്‍ താമസിച്ച ദിവസങ്ങളില്‍ ഭക്ഷണവും വെള്ളവും പോലും ലഭിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ശരീരത്തിലും തലയിലുമെല്ലാം ചവിട്ടും തൊഴിയും ഉള്‍പ്പെടെ ക്രൂരമായ പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. 

Read also: 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

ഒരു തവണ മേശ ശരീരത്തിലേക്ക് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പോലും തയ്യാറായില്ല. ഇരുന്ന് ഉറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. എല്ലാ ജോലിയും ചെയ്യണമെങ്കിലും ഭക്ഷണം നല്‍കിയില്ല. ലക്ഷങ്ങള്‍ വാങ്ങി ഏജന്റ് തന്നെ വില്‍ക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ അവിടെ എത്താതെ തന്നെ അവിടെ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലായിരുന്നെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

പാസ്‍പോര്‍ട്ടും ഏജന്റിന്റെ കൈവശമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ജയിലിലാവുമെന്നായിരുന്നു ഭീഷണി. ഒരാഴ്ച കൂടി അവിടെ നിന്നിരുന്നെങ്കില്‍ ജീവനോടെ തിരികെ വരാന്‍ സാധിക്കുമായിരുന്നില്ലെന്നും വീട്ടമ്മ പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ സമാനമായ തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം...

click me!