ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കുവൈത്തിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തല്‍. 

കുവൈത്ത് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാര്‍ശ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈത്തി മാധ്യമങ്ങള്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ പലതിനും കുവൈത്തില്‍ എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Read also: ഇന്ത്യക്കാരായ ചില പ്രവാസികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയെന്ന് ആരോപണം

മഡഗാസ്‍കര്‍, കാമറൂണ്‍, ഐവറികോസ്റ്റ്, ഘാന, ബെനിന്‍, മാലി, കോംഗോ എന്നിവയാണ് പട്ടികയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കുവൈത്തിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തല്‍. കോടതികളിലെ കേസുകളുടെ വിധി, താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പരിശോധനകളില്‍ പിടിയിലാവുക, പൊതുമര്യാദകളുടെ ലംഘനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ കുവൈത്തിലെ നിയമം അനുസരിച്ച് പ്രവാസികളെ നാടുകടത്താറുണ്ട്. 

Read also:  ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന പരാതിയുമായി വനിത; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍

ഈ രാജ്യങ്ങള്‍ക്ക് കുവൈത്തില്‍ എംബസികളില്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ സങ്കീര്‍ണമാവുന്നുവെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലാവുമെന്ന് ഉറപ്പാവുമ്പോള്‍ പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ച് കളയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവരുടെ പൗരത്വം കണ്ടെത്താനും പകരം യാത്രാ രേഖകള്‍ നല്‍കാനും എംബസികള്‍ ഇല്ലാത്തതിനാല്‍ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.