'എടാ മോനേ'! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം

By Web TeamFirst Published Apr 27, 2024, 12:55 PM IST
Highlights

ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആശീർവദിച്ചു. യാത്രയിലുടനീളം സൗദിയുടെ ആതിദേയത്വം രുചിച്ചു കൊണ്ടിരുന്നു. പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിൽ വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു.

റിയാദ്: തന്റെ ആരാധനാപാത്രമായ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ഷാർജയിൽ നിന്ന് റിയാദിലേക്ക് സിവിൻ നടന്നത് ആയിരം കിലോമീറ്റർ. ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് ഷാർജയിലെ അൽ-നദിയിൽ നിന്ന് ഈ താമരശ്ശേരി സ്വദേശി പുറകിലൊരു ബാഗും തൂക്കി നടന്നു തുടങ്ങിയത്. ലക്ഷ്യം സൗദി തലസ്ഥാനമായ റിയാദിലെ അൽ നാസർ ഫുട്ബാൾ ക്ലബ്ബിന്റെ ആസ്ഥാനം. 

തന്റെ ആരാധന പുരുഷൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡോ അവിടെയുണ്ട്. അയാളെ കാണണം,ഒരു സെൽഫിയെടുക്കണം, ഒരു ഒപ്പ് വാങ്ങണം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തണുപ്പോ ചൂടോ  മരുഭൂമിയുടെ വിജനതയോ ഒന്നും സിവിന് തടസ്സമല്ലായിരുന്നു .12 ദിവസം കൊണ്ട് കിലോമീറ്ററുകൾ നടന്നു താണ്ടി സൗദി-യു. എ. ഇ  അതിർത്തിയായ ബത്ഹയിലെത്തി. ഉദ്യോഗസ്ഥരെല്ലാം അതിഥിയെ പോലെ സ്വീകരിച്ചു. വെള്ളവും ബിസ്കറ്റും നൽകി. ലക്ഷ്യം പറഞ്ഞപ്പോൾ പ്രാർത്ഥനയോടെ ആശീർവദിച്ചു. യാത്രയിലുടനീളം സൗദിയുടെ ആതിഥേയത്വം രുചിച്ചു കൊണ്ടിരുന്നു. പെട്രോൾ പമ്പിലും, തൊഴിലാളികളുടെ ക്യാമ്പിൽ വിശ്രമിച്ചും അന്തിയുറങ്ങിയും നടത്തം പുരോഗമിച്ചു. ഒടുവിൽ ഏപ്രിൽ 11 ന് റിയാദിലെത്തി. തന്റെ സ്വപ്നത്തോളം ഉയരമുണ്ടായിരുന്നില്ല  റിയാദ് നഗരത്തിന്റെ നടുക്ക് തല ഉയർത്തി നിൽക്കുന്ന കെട്ടിങ്ങൾക്കെന്ന് സിവിൻ പറയുന്നു. 

Read Also - മൂന്നര ലക്ഷം വരെ ശമ്പളം; സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം, ജര്‍മനിയിൽ നഴ്സാകാം

വൈകാതെ അൽ നാസർ ക്ലബ്ബ് താരങ്ങൾ പരിശീലനം നടത്തുന്ന കേന്ദ്രം  കണ്ടെത്തി. എല്ലാ ദിവസം രാവിലെ പരിശീലന കേന്ദ്രത്തിന്റെ കവാടത്തിലെത്തും. ചീറി പാഞ്ഞു വരുന്ന വെളുത്ത ബെന്‍റലി കാറിൽ പലപ്പോഴും അയാളെ ഒരു നോക്ക് കണ്ടു. ഇടക്കൊക്കെ ഒരു ചിരിയും സമ്മാനിച്ചു. ലക്ഷ്യം പക്ഷെ അതല്ല നേരിൽ കണ്ടൊരു ഹായ് പറയലാണ് കയ്യിൽ കരുതിയ ടി ഷർട്ടിൽ ഒരു ഒപ്പ് വാങ്ങലാണ് എന്നെന്നേക്കുമായി സൂക്ഷിക്കാൻ. ദിവസങ്ങൾ ഓരോന്ന് കടന്ന് പോകുന്നു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് സിവിൻ പരിശീലനം നടക്കുന്ന ഗ്രൗണ്ടിന് മുന്നിലെത്തും. 11 മണിക്ക് റൊണാൾഡോയും അവിടെയെത്തും 12.30 അയാൾ ഗ്രൗണ്ടിൽ ഇറങ്ങും 3 മണിക്ക് തിരിച്ചു വീട്ടിലേക്ക് മടങ്ങും. ഇതിനിടയിൽ സിവിൻ പല തവണ അങ്ങോട്ട് കാണുന്നുണ്ടെങ്കിലും റൊണാൾഡോയുടെ കണ്ണിൽ സിവിൻ പതിയുന്നില്ല. 13 ദിവസം പിന്നിട്ടു. 

സിവിന് ലക്ഷ്യം സാധ്യമായില്ല. ലക്ഷ്യം കാണാതെ മടങ്ങാൻ അയാൾ ഒരുക്കവുമില്ലായിരുന്നു. യാത്രക്ക് മുമ്പ് സിവിൻ പോർച്ചുഗീസ് ഭാഷ പഠിച്ചു. റെണാൾഡോയെ കാണാൻ സൗദിയിലേക്ക് കാൽനടയായി പുറപ്പെടുകയാണെന്നും ആഗ്രഹം സാധ്യമാക്കാൻ പ്രാർത്ഥിക്കണമെന്നും വീഡിയോ റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ അറബിക് ടെലിവിഷൻ ചാനലായ എം.ബി.സി വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടിട്ടാവണം അൽ നാസർ ക്ലബ്ബിന്റെ സംഘാടകർ സിവിനെ ഓഫീസിൽ വിളിച്ചും സമ്മാനമെല്ലാം കൊടുത്തു സൽക്കരിച്ചു. 

അവരും കൂടിക്കാഴ ഉറപ്പ് നൽകിയില്ല. 14-ാമത്തെ ദിവസം പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിൽ വന്ന ബെന്‍റ്ലി കാറിന്റെ ക്ലാസ്സ് താഴ്‌ന്നു വന്നു. നിറ ചിരിയോടെ അയാൾ. ലോക കാൽപ്പന്തിന്റെ ഇതിഹാസ താരം ഏഴാം നമ്പറുകാരൻ റൊണാൾഡോ അടുത്തേക്ക് ചെന്നു. പഠിച്ചു വെച്ച പോർച്ചുഗീസ് ഭാഷയിൽ സ്വയം പരിചയപ്പെടുത്തി. നടന്നു വന്നതും പറഞ്ഞു. ആശ്ചര്യത്തോടെ അയാളുടെ ചിരിക്ക് പ്രസരിപ്പ് കൂടി. ഒരു ഒപ്പ് കിട്ടാൻ കയ്യിൽ കരുതിയ ടി ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സപ്നം ആ ടി ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാം കൂടി ഒന്നര മിനിട്ട്. ഗുഡ് ബൈ, അപ്പോഴേക്കും ആളുകൾ കൂടി വാഹനം മുന്നോട്ട് നീങ്ങി. അവിസ്മരണീയമായ നിമിഷം സമ്മാനിച്ച തന്റെ ആരാധ്യ താരത്തിനും ദൈവത്തിനും ആ നിമിഷം സിവിൻ നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു. ഈ ഒന്നരമിനുട്ട് നേരത്തിനാണ് സിവിൻ 31 ദിവസം നടന്നത്, 14 ദിവസം കാത്തു നിന്നത്. സിവിന്റെ സ്വപ്നത്തിന് റിയാദിൽ തിരശീല വീണിരിക്കുന്നു. ഇനി തൊഴിലിടമായ ദുബൈയിലേക്ക് പറക്കണം. ദുബൈയിൽ രണ്ടര വർഷമായി പ്രവാസിയായ താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിൻ 2021 ൽ 3500 കിലോമീറ്റർ താണ്ടി കാശ്‌മീരിലേക്ക് കാൽനടയാത്ര ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!