
ബെല്‍ഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇന്ത്യൻ കുടുംബത്തിന് നേരെ വീണ്ടും വംശീയ അതിക്രമം നടന്നതായി റിപ്പോർട്ട്. മലയാളി കുടുംബത്തിന്‍റെ കാർ അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്.
ലണ്ടൻഡെറിയിലെ ലിമവാഡിയിലെ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് ഏരിയയിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു കുടുംബത്തിന്‍റ കാർ പുലർച്ചെ ഏകദേശം രണ്ട് മണിയോടെ തീയിട്ടു നശിപ്പിക്കുകയായിരുന്നു. കാർ തീയിട്ടു നശിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതായി നോർത്തേൺ അയർലൻഡ് പൊലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കാർ പൂർണ്ണമായി കത്തി നശിച്ചെന്ന് നോർത്തേൺ അയർലൻഡ് പൊലീസ് സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ വീടിന്‍റെ വേലിക്കും അടുത്തുള്ള ടെലിഫോൺ പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തെ അപലപിച്ചു ഡിയുപി കൗണ്‍സിലര്‍ ആരോണ്‍ ക്യാലന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്കു നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ലിമവാഡി എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമാണെന്നും വംശീയ, വർഗ്ഗീയ അക്രമങ്ങൾക്കെതിരെ അവിടുത്തെ താമസക്കാർ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സമാന ആക്രമണങ്ങൾ പ്രദേശത്ത് വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയും ഒരു ഇന്ത്യൻ കുടുംബത്തിന്റെ കാറിന്റെ നാല് ടയറുകളും കുത്തിക്കീറിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മലയാളി സമൂഹങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കുടിയേറ്റക്കാർക്കെതിരായ ആക്രമണമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam