'ആദ്യം കരുതിയത് തമാശ ആണെന്ന്', പൂജ്യത്തിൽ തുടങ്ങി, 40 വർഷം മരുഭൂമിയിൽ വിയർപ്പൊഴുക്കി, മടങ്ങുമ്പോൾ കോടീശ്വരൻ

Published : May 06, 2025, 10:40 PM IST
'ആദ്യം കരുതിയത് തമാശ ആണെന്ന്', പൂജ്യത്തിൽ തുടങ്ങി, 40 വർഷം മരുഭൂമിയിൽ വിയർപ്പൊഴുക്കി, മടങ്ങുമ്പോൾ കോടീശ്വരൻ

Synopsis

നാട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് കേരളത്തിലെ നമ്പരാണ് നല്‍കിയത്. ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചപ്പോള്‍ ഭാര്യ ആണ് കോൾ എടുത്തത്. പരിചയമില്ലാത്ത ശബ്ദം കേട്ട കൊണ്ട് കോള്‍ കട്ട് ചെയ്യുകയായിരുന്നു. 

ദുബൈ: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ ഒറ്റ രാത്രി കൊണ്ട് വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് വിജയി ഒരു മലയാളിയാണ്, തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞ്. ഏതാനും ദിവസങ്ങള്‍ മുമ്പ് നടന്ന നറുക്കെടുപ്പില്‍ താജുദ്ദീന്‍ സ്വന്തമാക്കിയത് ചില്ലറ വിജയമൊന്നുമല്ല,  2.5 കോടി ദിര്‍ഹം (57 കോടി ഇന്ത്യന്‍ രൂപ ) ആണ് താജുദ്ദീന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റിലൂടെ കൈവന്നത്.

അന്ന് മുതല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇദ്ദേഹത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 40 വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന താജുദ്ദീന്‍, സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് തൊട്ട് മുമ്പാണ്  സ്വപ്ന വിജയം സ്വന്തമാക്കിയത്.

പതിറ്റാണ്ടുകള്‍ മരുഭൂമിയിലെ വെയിലില്‍ കുടുംബത്തിനായി വിയര്‍പ്പൊഴുകിയ താജുദ്ദീന്‍റെ ജീവിതത്തില്‍ പല കയറ്റിറങ്ങളും ഉണ്ടായിട്ടുണ്ട്. 61കാരനായ ഇദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഇനി എന്നും കയറ്റമാണ്. തന്‍റെ അഞ്ചാം ശ്രമത്തിലാണ് താജുദ്ദീന്‍ ഗ്രാന്‍ഡ് പ്രൈസ് നേടിയത്.  

തന്‍റെ മാതാപിതാക്കള്‍ക്ക് ഏകമകനായിരുന്നു താനെന്നും തന്നെ മുമ്പോട്ട് നയിക്കാനോ സഹായിക്കാനോ മറ്റാരും ഇല്ലായിരുന്നെന്നും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനായി 1985ലാണ് സൗദി അറേബ്യയിലെത്തിയതെന്നും താജുദ്ദീന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. വലിയ സ്വപ്നങ്ങളുമായാണ് ഗള്‍ഫിലേക്ക് എത്തിയത്. ബോംബെ വഴി ഗള്‍ഫിലേക്കെത്തിയ തനിക്ക് അക്കാലത്ത് കൈവശം പണം ഉണ്ടായിരുന്നതായി ഓര്‍മ്മയില്ലെന്നും എങ്ങനെയോ ഗള്‍ഫില്‍ എത്തിപ്പെട്ടുവെന്നും താജുദ്ദീന്‍ പറഞ്ഞു. സൗദിയിലെ ഹായിലില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ആദ്യ ജോലി ഒരു ഫാമിലായിരുന്നു. ഇപ്പോൾ വാട്ടര്‍പ്രൂഫിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തി വരികയാണ്. 

അടുത്തിടെയാണ് താജുദ്ദീന്‍ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് 16 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് വരുന്നു. ടിക്കറ്റിനുള്ള തുക ഒറ്റയ്ക്ക് താങ്ങാനാകാത്തവര്‍ക്കും വിജയിക്കാനുള്ള അവസരം ഒരുക്കാനാണ് ഗ്രൂപ്പ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. 100 സൗദി റിയാല്‍ വീതമാണ് 16 പേരും ടിക്കറ്റിനായി ചെലവിട്ടിരുന്നത്. ഇതില്‍ 15 പേരും മലയാളികളായ പ്രവാസികളാണ്, ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ഏകയാള്‍ താജുദ്ദീനാണ്. എല്ലാവരും തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരാണ്. പൂജ്യത്തില്‍ നിന്നാണ് തങ്ങളെല്ലാം തുടങ്ങിയതെന്നും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പലരും ഇപ്പോഴും സാമ്പത്തിക പ്രയാസത്തിലാണ്. ബിസിനസ് പരാജയപ്പെട്ടത് ചിലരുടെ സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുത്തി. പലര്‍ക്കും കേരളത്തില്‍ ഒരു വീടു പോലും സ്വന്തമായിട്ടില്ല. ഈ വിജയം 16 കുടുംബങ്ങളെയാണ് സുരക്ഷിതമാക്കുന്നത്- താജുദ്ദീന്‍ പറഞ്ഞു. 

16 പേരാണ് ടിക്കറ്റിന് തുക പങ്കിട്ടതെങ്കിലും സമ്മാനത്തുക 17 ആയി വീതിക്കുമെന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് തുടങ്ങുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ധാരണ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ബിഗ് ടിക്കറ്റ് അധികൃതര്‍ സമ്മാന വിവരം അറിയിക്കാന്‍ വിളിച്ചത് താജുദ്ദീന്‍റെ കേരളത്തിലെ നമ്പരിലേക്കാണ്. താന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് കൊണ്ടാണ് ആ നമ്പര്‍ നല്‍കിയതെന്നും കോള്‍ എടുത്തത് ഭാര്യയാണെന്നും പരിചയമില്ലാത്ത ശബ്ദം കേട്ടത് കൊണ്ട് കോള്‍ കട്ട് ചെയ്തതാണെന്നും അദ്ദേഹം പറയുന്നു. നറുക്കെടുപ്പ് കണ്ട് ദുബൈയിലുള്ള ബന്ധു വിളിച്ച് പറഞ്ഞപ്പോഴാണ് താജുദ്ദീന്‍ വിവരം അറിഞ്ഞത്. ആദ്യം തമാശ ആണെന്ന് കരുതിയെങ്കിലും നമ്പര്‍ പരിശോധിച്ചപ്പോള്‍ സത്യമാണെന്ന് മനസ്സിലായി. നാട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവിടാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി. ഒരു ബിസിനസ് തുടങ്ങാനും പദ്ധതിയുണ്ട്. ബിഗ് ടിക്കറ്റില്‍ തുടര്‍ന്നും പങ്കെടുക്കാനാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിൽ, ഈ വർഷം ലൈസൻസ് റദ്ദാക്കാൻ അപേക്ഷിച്ചത് മൂവായിരത്തിലേറെ കമ്പനികൾ
മയക്കുമരുന്ന് ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്, അന്വേഷണം ആരംഭിച്ചു