
ക്വാലാലംപൂര്‍: സാധുവായ പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിച്ചു വരുന്ന വിദേശികള്‍ക്ക് അതത് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെ മൈഗ്രന്‍റ് റീപാട്രിയേഷന്‍ പ്രോഗ്രാം-2 എന്ന പേരില്‍ മലേഷ്യന്‍ ഭരണകൂടം ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസാ തട്ടിപ്പുമൂലം മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പൊതുമാപ്പ് ആശ്വാസകരമാകും.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് ഈ വര്‍ഷം മേയ് 19 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ ശിക്ഷാ നടപടികള്‍ കൂടാതെ രാജ്യം വിടാനാകും. ഒറിജിനല്‍ പാസ്പോര്‍ട്ടിനോടൊപ്പം മാതൃ രാജ്യത്തേക്ക് യാത്ര പുറപ്പെടാനുള്ള വിമാന ടിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. സന്ദര്‍ശക വിസയുടെ മറവില്‍ തട്ടിപ്പിനിരയായ നിരവധിപേര്‍ താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രാജ്യം വിടാന്‍ ജയില്‍ വാസവും, പിഴയും ഒടുക്കേണ്ടിവരുമെന്നതിനാല്‍ പൊതുമാപ്പിനു വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. രാജ്യത്തുടനീളം പതിനാല് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളാണ് പൊതുമാപ്പിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നത്.
മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റുകള്‍ ഇല്ലാതെ തന്നെ അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം എന്‍ഫോഴ്സ്മെന്റ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനാകും. അഞ്ഞൂറ് മലേഷ്യന്‍ റിങ്കിറ്റാണ് അപേക്ഷാ ഫീസ്. ഫീസൊടുക്കാന്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ടിഎന്‍ജി വാലറ്റ് എന്നീ പേയ്‌മെന്റ് രീതികള്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മലേഷ്യന്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam