സൗദിയില്‍ യുവതിയുടെ മുടി വെട്ടിയ ബാര്‍ബര്‍മാരെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Feb 6, 2020, 5:50 PM IST
Highlights

സലൂണില്‍ മുടിവെട്ടാനെത്തിയ ഒരു സൗദി യുവാവാണ് അവിടെ തൊട്ടടുത്ത കസേരയില്‍ ഒരു സ്ത്രീ ഇരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എന്നാല്‍ ഏത് സ്ഥലത്താണിതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. 

റിയാദ്: പുരുഷന്മാര്‍ക്കുള്ള ബാര്‍ബര്‍ ഷോപ്പില്‍ യുവതിയുടെ മുടിവെട്ടിയ സംഭവത്തില്‍ ബാര്‍ബര്‍മാര്‍ അറസ്റ്റിലായി. റിയാദില്‍ പുരുഷന്മാരുടെ സലൂണില്‍ വെച്ച് സ്ത്രീയുടെ മുടി വെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തിയത്. സ്ഥാപനം കണ്ടെത്തുകയും ജീവനക്കാരായ ബാര്‍ബര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സലൂണില്‍ മുടിവെട്ടാനെത്തിയ ഒരു സൗദി യുവാവാണ് അവിടെ തൊട്ടടുത്ത കസേരയില്‍ ഒരു സ്ത്രീ ഇരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എന്നാല്‍ ഏത് സ്ഥലത്താണിതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. വീഡിയോ പ്രചരിച്ചതോടെ നിരവധി സൗദി പൗരന്മാര്‍ ഇതിനെതിരെ രംഗത്തുവന്നു. പൊതുമര്യാദകള്‍ക്ക് നിരക്കാത്തതാണ് ഇത്തരം പ്രവണതകളെന്നും സുരക്ഷാ വകുപ്പുകള്‍ നടപടിയെടുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

ജിദ്ദയിലെ സലൂണിലാണ് സ്ത്രീയുടെ മുടിവെട്ടിയതെന്ന് ചിലര്‍ ഇതിനോടകം പ്രചരിപ്പിച്ചു. രാജ്യത്ത് നടപ്പാക്കിവരുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായി പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകളില്‍ സ്ത്രീകളുടെ മുടിവെട്ടാന്‍ അനുമതിയുണ്ടെന്നും ചിലര്‍ വാദിച്ചു. എന്നാല്‍ ഇത്തരം അനുമതികളൊന്നും നല്‍കിയിട്ടില്ലെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കുകയായിരുന്നു. സൗദിയിലെ മറ്റ് നഗരസഭകളും ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ല. തുടര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തിയ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബാര്‍ബര്‍മാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

click me!