കാറില്‍വെച്ച് ബലാത്സംഗം ചെയ്‍തെന്ന ആരോപണം; യുഎഇയില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

By Web TeamFirst Published Jun 7, 2021, 11:48 PM IST
Highlights

കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്യാതിരുന്നിട്ടും യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തത് പരസ്‍പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നതിന്റെ തെളിവാണെന്നും അഭിഭാഷകന്‍ വാദിച്ചു. 

ദുബൈ: കാറില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്‍തെന്നാരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയില്‍ 28കാരനെ ദുബൈ പ്രാഥമിക കോടതി കുറ്റവിമുക്തനാക്കി. പുറമെ നിന്ന് അകത്തേക്ക് കാണാന്‍ സാധിക്കാത്ത തരത്തില്‍ സജ്ജീകരിച്ച വിന്‍ഡോകളുള്ള കാറില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് 29 വയസുകാരി പരാതി നല്‍കിയത്. പരാതിക്കാരിയും കുറ്റാരോപിതനായിരുന്ന യുവാവും ഒരേ രാജ്യക്കാരാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തന്റെ സുഹൃത്തുക്കള്‍ വഴി യുവാവിനെ തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും ഇയാള്‍ തന്നെ ഒരു ദിവസം ദുബൈ അല്‍ റാഷിദിയയിലെ റസ്റ്റോറന്റില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്. ഇതിന് ശേഷം രാത്രി തന്റെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ കെട്ടിടത്തിന്റെ പിന്‍വശത്ത് കാര്‍ നിര്‍ത്തുകയും യുവാവ് പിന്‍ സീറ്റിലേക്ക് വരികയും ചെയ്‍തു. തന്നെ ചുംബിക്കാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു. അത് വകവെയ്‍ക്കാതെ കാറിന്റെ പിന്‍സീറ്റില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്‍തുവെന്നും യുവതി ആരോപിച്ചു. വാഹനത്തിന് സമീപത്തുകൂടി നടന്നുപോകുന്നവരെ തനിക്ക് കാണാമായിരുന്നുവെങ്കിലും ഇവര്‍ക്ക് അകത്തേക്ക് കാഴ്‍ച അസാധ്യമായിരുന്നു. ഭയം കാരണം താന്‍ ബഹളം വെച്ചില്ലെന്നും യുവതി പറഞ്ഞു.

എന്നാല്‍ യുവാവ് ബലാത്സംഗം ചെയ്‍തിട്ടില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. സംഭവം നടന്നെന്ന് പറയുന്ന രാത്രി ഒന്‍പത് മണിക്ക് കെട്ടിടത്തിന്റെ പിന്നിലുള്ള പാര്‍ക്കിങ് ലോട്ടില്‍ വെളിച്ചവും പരസരത്ത് നിരവധി ആളുകളുമുണ്ടായിരുന്നു. തിരക്കേറിയ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്‍തുവെന്നത് വിശ്വസനീയമല്ല. ബലാത്സംഗം ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ യുവതിയെ ആളൊഴിഞ്ഞ മറ്റേതെങ്കിലും സ്ഥലത്തേക്ക് യുവാവ് കൊണ്ടുപോകുമായിരുന്നു. കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്യാതിരുന്നിട്ടും യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തത് പരസ്‍പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നതിന്റെ തെളിവാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവും.

click me!