താമസക്കാരില്‍ നിന്ന് പരാതി; യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു

By Web TeamFirst Published Jun 7, 2021, 10:39 PM IST
Highlights

പരിശോധന നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. നിയമവിരുദ്ധമായി കെട്ടിടങ്ങളില്‍ മുറികള്‍ വേര്‍തിരിച്ചിരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി.

ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ താമസക്കാരിലൊരാള്‍ ഒരു റേഡിയോ പ്രോഗ്രാമിലൂടെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നടപടി.

ഷാര്‍ജ പൊലീസിന്റെയും ഇലക്ട്രിസിറ്റി വാട്ടര്‍ ആന്റ് ഗ്യാസ് അതോരിറ്റിയുടെയും സഹായത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. 23 ബാച്ചിലര്‍മാരെയാണ് ഒഴിപ്പിച്ചത്. 13 അപ്പാര്‍ട്ട്മെന്റുകളിലെ വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിച്ചു. 

പരാതി ലഭിച്ചതിന് പിന്നാലെ നടപടികള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കുകയായിരുന്നുവെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ തബിത് അല്‍ തുറൈഫി പറഞ്ഞു. പരിശോധന നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. നിയമവിരുദ്ധമായി കെട്ടിടങ്ങളില്‍ മുറികള്‍ വേര്‍തിരിച്ചിരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി.

ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 16,500 ബാച്ചിലര്‍മാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!