അമ്മയോട് 'നൈറ്റ് ക്ലബില്‍ പോയി ഡാന്‍സ് ചെയ്യാന്‍' ആവശ്യപ്പെട്ട മകന് യുഎഇയില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Oct 15, 2019, 2:15 PM IST
Highlights

മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ അപമാനിച്ച മകനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ യുഎഇ കോടതിയില്‍. ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി.

ഫുജൈറ: അമ്മയെ അപമാനിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത മകന് ഫുജൈറ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 'വീട്ടിലിരിക്കുന്നതിനേക്കാള്‍ നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണെന്നായിരുന്നു' അറബ് പൗരനായ യുവാവ് അമ്മയോട് പറഞ്ഞതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇത് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്ന് മകന്‍ വാദിച്ചെങ്കിലും അത് കോടതി കണക്കിലെടുത്തില്ല.

മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ അപമാനിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത മകന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. എന്നാല്‍ തന്റെ അച്ഛനും അമ്മയും തമ്മില്‍ ഫുജൈറ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണെന്നും അതില്‍ താന്‍ അച്ഛന്റെ നിലപാടിനെ പിന്തുണച്ചതിനുള്ള പ്രതികാരമായാണ് അമ്മ പരാതി നല്‍തിയതെന്നുമായിരുന്നു മകന്റെ മറുപടി.

കുടുംബ തര്‍ക്കത്തില്‍ അച്ഛന്റെ ഭാഗത്താണ് ശരിയെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. എന്നാല്‍ അമ്മയെ ഒരിക്കലും അപമാനിച്ചിട്ടില്ല. താന്‍ അച്ഛനൊപ്പം നിന്നതിനാണ് അമ്മ കേസ് നല്‍കിയതെന്ന് ആരോപിച്ച ഇയാള്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെ ഹാജരാക്കാമെന്നും അതുവരെ കേസ് നീട്ടിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ അരോപണങ്ങളില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നും ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ അപമാനിച്ചുവെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നുമുള്ള ആരോപണങ്ങളില്‍ അമ്മ ഉറച്ചുനിന്നു. വിചാരണയ്ക്കൊടുവില്‍ മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, അദ്ദേഹത്തിന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.

click me!