ഫേസ്ബുക്ക് പാസ്‍വേഡ് നല്‍കാത്തതിന് യുവതിയെ മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടു

By Web TeamFirst Published Jan 1, 2019, 9:45 AM IST
Highlights

സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ യുവതി പ്രതിയുടെ അല്‍ ഖവാനീജിലെ ഫ്ലാറ്റിലാണ് നാല് മാസമായി കഴിഞ്ഞുവന്നിരുന്നത്. എന്നാല്‍ അനധികൃത താമസത്തിനുള്ള പിഴയടച്ച് നാട്ടിലേക്ക് മടങ്ങാന്‍ യുവതി തീരുമാനിച്ചു. 

ദുബായ്: ഫേസ്‍ബുക്ക് പാസ്‍വേഡ് നല്‍കാത്തതിന് വിദേശി യുവതിയെ മര്‍ദിച്ചശേഷം വീട്ടില്‍ പൂട്ടിയിട്ടെന്ന് പരാതി. ദുബായില്‍ 30 വയസുകാരനായ സ്വദേശി പൗരനെതിരെ 24കാരിയായ റഷ്യന്‍ പൗരയാണ് പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദനത്തില്‍ യുവതിയുടെ വിരലിന് പൊട്ടലേല്‍ക്കുകയും തലയ്ക്കും ശരീരത്തിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ യുവതി പ്രതിയുടെ അല്‍ ഖവാനീജിലെ ഫ്ലാറ്റിലാണ് നാല് മാസമായി കഴിഞ്ഞുവന്നിരുന്നത്. എന്നാല്‍ അനധികൃത താമസത്തിനുള്ള പിഴയടച്ച് നാട്ടിലേക്ക് മടങ്ങാന്‍ യുവതി തീരുമാനിച്ചു. വിമാന ടിക്കറ്റ് വിവരങ്ങള്‍ നല്‍കിയ ശേഷം എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ യുവാവ് കൈയിലിരുന്ന ഫോണ്‍ തന്റെ മുഖത്ത് എറിഞ്ഞ ശേഷം ഫേസ്‍ബുക്ക് യൂസര്‍ ഐഡിയും പാസ്‍‍വേഡും ചോദിക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

യൂസര്‍ ഐഡിയും പാസ്‍വേഡും ഓര്‍മയില്ലെന്ന് പറഞ്ഞതോടെ വീണ്ടും മര്‍ദനം തുടങ്ങി. നിലത്തിട്ട് ചവിട്ടിയെന്നും കൈകള്‍ കൊണ്ട് മുഖം മറച്ചപ്പോള്‍ കൈയില്‍ അടിച്ച് വിരല്‍ ഒടിച്ചുവെന്നും യുവതി പറഞ്ഞു. രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മര്‍ദിച്ച് വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ജനലിലൂടെ രക്ഷപെടാനും സാധിക്കാതെ വന്നതോടെ യുവതി പൊലീസിനെ വിളിച്ചു. പൊലീസ് വീട് റെയ്ഡ് ചെയ്ത് യുവതിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പുറത്തുണ്ടായിരുന്ന പ്രതി യുവതിയെ വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

click me!