
കൊച്ചി: പൂച്ചയെ വെച്ച വെടിയുണ്ട സ്വന്തം തലച്ചോറില്‍ തറച്ച് മരണത്തോട് മല്ലടിച്ച പതിനേഴ് വയസ്സുകാരന് ഒടുവില്‍ ചികിത്സ ലഭിച്ചത് കേരളത്തില്‍. അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവി എന്ന ഒമാനി ബാലനാണ് കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ ലഭിച്ചത്. അബ്ദുള്‍ ഖാദറിന്‍റെ ശസത്രക്രിയ പൂര്‍ത്തിയാക്കിയതായി ഹോസ്പിറ്റല്‍ പി ആര്‍ ഒ മായ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അബ്ദുള്‍ ഖാദര്‍ നടത്തുന്ന ചിക്കന്‍ ഫാമിലെ കോഴികളെ അക്രമിക്കാനെത്തിയ പൂച്ചയെ വെടിവയ്ക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്ന് തലച്ചോറില്‍ തറയ്ക്കുകയായിരുന്നു.
താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വച്ചുതന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18 ന് ലേക്ക്‌ഷോറില്‍ എത്തിക്കുകയായിരുന്നു.
നവംബര്‍ 20 ന് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നിന്ന് 285 കിലോ മീറ്റര്‍ അകലെയുള്ള ജലാന്‍ ബനി ബു അലി എന്ന സ്ഥലത്ത് വച്ചാണ് അബ്ദുള്‍ ഖാദറിന് വെടിയേറ്റത്. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് അബ്ദുള്‍ ഖാദറിന്റെ തലച്ചോറില്‍നിന്നും താടിയെല്ലില്‍നിന്നും വെടിയുണ്ടയുടെ ഭാഗം പൂര്‍ണ്ണമായി നീക്കം ചെയ്യാനായതെന്ന് ആശുപത്രി ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. സുധീഷ് കരുണാകരന്‍ പറഞ്ഞു.
തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യാനായി തലയോടിന്റെ ഒരു ഭാഗം തുറക്കുന്ന ഫ്രണ്ടല്‍ ക്രാനിയോടമി ചെയ്തതിനു ശേഷം ഡിസംബര്‍ 20-നാണ് എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് ഇ എന്‍ ടി സര്‍ജന്‍, ഓറോമാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ ചേര്‍ന്ന് താടിയെല്ലില്‍ അവശേഷിച്ച വെടിയുണ്ട ഭാഗങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കി.
ശസ്ത്രക്രിയക്ക് ശേഷം താന്‍ നാലു ദിവസം വെന്റിലേറ്ററിലായിരുന്നുവെന്നും മുറിവ് പൂര്‍ണമായും ഭേദപ്പെട്ട് ഒമാനിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ ഡോ. സുധീഷ് കരുണാകരനോടൊപ്പം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോ. ഇടിക്കുള കെ. മാത്യു, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. അജയ് കുമാര്‍, ഡോ. ജേക്കബ് ചാക്കോ, ഡോ. ജോജി ആന്റണി തുടങ്ങിയവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam