Latest Videos

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുഎഇയില്‍ യുവാവിനെതിരായ കുറ്റങ്ങള്‍ കോടതി റദ്ദാക്കി

By Web TeamFirst Published Nov 24, 2020, 11:38 PM IST
Highlights

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാവ്, പരാതിക്കാരിയായ വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച് തനിക്ക് വേണ്ടി ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്നും അതിന്റെ പണം നല്‍കണമെന്നും ആവശ്യപ്പെട്ടത്. ഇതിന് പുറമെ 10,000 ദിര്‍ഹം അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. 

ദുബൈ: യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെത്തിയ യുവാവിനെതിരായ കുറ്റങ്ങള്‍ ദുബൈ പ്രാഥമിക കോടതി റദ്ദാക്കി. പരാതിക്കാരിയും കുറ്റാരോപിതനായിരുന്ന യുവാവും തമ്മില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതോടെയാണ് കോടതി, തുടര്‍ നടപടികള്‍ റദ്ദാക്കിയത്. 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ സ്നാപ്പ് ചാറ്റിലൂടെ യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു 33കാരനായ സ്വദേശി യുവാവിന്റെ ഭീഷണി.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യുവാവ്, പരാതിക്കാരിയായ വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച് തനിക്ക് വേണ്ടി ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്നും അതിന്റെ പണം നല്‍കണമെന്നും ആവശ്യപ്പെട്ടത്. ഇതിന് പുറമെ 10,000 ദിര്‍ഹം അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടര്‍ വിസമ്മതിച്ചപ്പോള്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയായി. താന്‍ തന്റെ സ്വകാര്യ ചിത്രങ്ങളൊന്നും കൈമാറിയിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, സോഷ്യല്‍ മീഡിയാ അക്കൌണ്ട് ഹാക്ക് ചെയ്‍ത് ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നുമായി ഭീഷണി. 

ഇരുവരും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് കേസ് രേഖകളില്‍ വ്യക്തമല്ല.

 തൊട്ടടുത്ത ദിവസം യുവാവ് ഫോണ്‍ വിളിക്കുകയും താന്‍ അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക് വരികയാണെന്നും അല്‍ ബര്‍ഷയിലുള്ള യുവതിയുടെ വീടിന് മുന്നില്‍ വരുമ്പോള്‍ പുറത്തിറങ്ങി വരണമെന്നും സംസാരിക്കാനുണ്ടെന്നും പറഞ്ഞു. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെ വീടിന് മുന്നിലെത്തിയ ഇയാള്‍ കാര്‍ ഇടിപ്പിച്ച് വീടിന്റെ ഗേറ്റ് തകര്‍ത്തു. ഇത് കണ്ട് യുവതി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാള്‍ രക്ഷപെട്ടു.

 വീടിന് മുന്നില്‍ യുവാവ് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചപ്പോള്‍ ശബ്ദം കേട്ടുണര്‍ന്ന തന്റെ മക്കള്‍ പരിഭ്രാന്തരായെന്നും കുട്ടികളുടെ പേടി മാറ്റാന്‍ കുറച്ചുദിവസം ഹോട്ടലില്‍ കഴിയേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. 

ഭീഷണിപ്പെടുത്തിയ കുറ്റമായിരുന്നു ദുബൈ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങിയ ശേഷമാണ് പരാതിക്കാരിയും കുറ്റാരോപിതനായ യുവാവും ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇതോടെയാണ് കോടതി യുവാവിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കിയത്. 

click me!