
അബുദാബി: യുഎഇയില്‍ ജോലിയ്ക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കമ്പനി ഉടമയ്ക്കും സൂപ്പര്‍വൈസറിനും മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇരുവരും ചേര്‍ന്ന് തൊഴിലാളിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം (38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണം. ഇതിനുപുറമെ ഇവര്‍ രണ്ടായിരം ദിര്‍ഹം വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
ജോലി സ്ഥലത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ കോണ്‍ട്രാക്ടിങ് കമ്പനി വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ കീഴ്‍കോടതികള്‍ നേരത്തെ പുറപ്പെടുവിച്ച വിധി കഴിഞ്ഞ ദിവസം അബുദാബി ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. വടക്കന്‍ എമിറേറ്റില്‍ പുതിയതായി നിര്‍മിച്ച ഒരു കെട്ടിടത്തില്‍ ഇല്ക്ട്രിക് കേബിളുകള്‍ ഘടിപ്പിക്കുന്നതിനിടെയാണ് ഏഷ്യക്കാരനായ തൊഴിലാളിക്ക് ഷോക്കേറ്റത്. വയറിങ് ജോലികള്‍ ചെയ്തിരുന്ന സമയത്ത് സുരക്ഷാ മുന്‍കരുതലുകളൊന്നും കമ്പനി സ്വീകരിച്ചിരുന്നില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. വയറിങില്‍ വരുത്തിയ പിഴവാണ് തൊഴിലാളിക്ക് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നും കണ്ടെത്തി. തുടര്‍ന്നാണ് കമ്പനി ഉടമയ്ക്കും സൂപ്പര്‍വൈസര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച പ്രാഥമിക കോടതിയും പിന്നീട് അപ്പീല്‍ കോടതിയും സമാനമായ ശിക്ഷയാണ് ഇരുവര്‍ക്കും വിധിച്ചത്. ഇതിനെതിരെ യുഎഇ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലും വിധി ശരിവെയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam