അനുമതിയില്ലാതെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു; കനത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി

By Web TeamFirst Published Jul 2, 2019, 8:53 PM IST
Highlights

പരാതിക്കാരന്‍ തന്നെ ഇതേ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്നും പ്രതി വാദിച്ചു. എന്നാല്‍ ഇത് കോടതി കണക്കിലെടുത്തില്ല. 

അബുദാബി: മറ്റൊരാളുടെ ചിത്രം അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ അബുദാബി കോടതി ശിക്ഷ വിധിച്ചു. പ്രതിയായ അറബ് പൗരന് 10,000 ദിര്‍ഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയാണ് പരമോന്നത കോടതി വിധിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി പരാതിക്കാരന് 21,000 ദിര്‍ഹം നല്‍കാന്‍ കോടതി നിര്‍ദേശിച്ചതായും യുഎഇയിലെ അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതി പരാതിക്കാരന്റെ സ്വകാര്യത ലംഘിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് ഫെഡറല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു.

ഇതേ കേസില്‍ നേരത്തെ അബുദാബി പ്രാഥമിക കോടതി 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും ഇതേ ശിക്ഷ തന്നെ അപ്പീല്‍ കോടതി ശരിവെച്ചു. പ്രതി വീണ്ടും അപ്പീല്‍ നല്‍കിയതോടെയാണ് കേസ് പരമോന്നത കോടതിയിലെത്തിയത്. പരാതിക്കാരന്‍ തന്നെ ഇതേ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്നും പ്രതി വാദിച്ചു. എന്നാല്‍ ഇത് കോടതി കണക്കിലെടുത്തില്ല. കുറ്റക്കാരന്‍ തന്നെയെന്ന് കണ്ടെത്തി ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.

click me!