പതിനൊന്ന് തവണ കുത്തി ഭാര്യയെ കൊലപ്പെടുത്തി; പ്രവാസിക്ക് 25 വര്‍ഷം തടവുശിക്ഷ

By Web TeamFirst Published Jun 24, 2021, 4:15 PM IST
Highlights

ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച പ്രതി അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കത്തി വാങ്ങി. ഭാര്യ തിരികെ വീട്ടില്‍ എത്തുന്നത് കാത്തുനിന്നു. തുടര്‍ന്ന് രാത്രി 8.10ന് ഇയാള്‍ ഭാര്യയെ കാണുകയും ഫോണില്‍ സംസാരിച്ച പുരുഷനുമായുള്ള ബന്ധം ചോദിക്കുകയും ചെയ്തു.

അബുദാബി: ദുബൈയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വിദേശിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ആസൂത്രിത കൊലപാതകക്കുറ്റത്തിനാണ് നേപ്പാള്‍ സ്വദേശിയെ കോടതി ശിക്ഷിച്ചത്. ദുബൈയിലെ വീടിന് മുമ്പില്‍ വെച്ച് തലയിലും നെഞ്ചിലും കഴുത്തിലും അടിവയറ്റിലുമായി 11 തവണ കുത്തിയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. 2020 സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ശൈഖ് സായിദ് റോഡിലെ 21 സെഞ്ച്വറി ടവറിന് പുറത്തുനിന്നാണ് പ്രതി അറസ്റ്റിലായത്. 2019ലായിരുന്നു ഇയാളും യുവതിയും തമ്മിലുള്ള വിവാഹം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുഹൃത്തുക്കള്‍ വഴി പ്രതി അറിഞ്ഞു. സെപ്തംബര്‍ 25ന് ഇതേക്കുറിച്ച് ചോദിക്കാന്‍ ഇയാള്‍ ഭാര്യയെ നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്ത ഒരു പുരുഷന്‍ ഇനി തങ്ങളെ ശല്യം ചെയ്യരുതെന്ന് പറയുകയായിരുന്നു.

ഇതോടെ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച പ്രതി അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കത്തി വാങ്ങി. ഭാര്യ തിരികെ വീട്ടില്‍ എത്തുന്നത് കാത്തുനിന്നു. തുടര്‍ന്ന് രാത്രി 8.10ന് ഇയാള്‍ ഭാര്യയെ കാണുകയും ഫോണില്‍ സംസാരിച്ച പുരുഷനുമായുള്ള ബന്ധം ചോദിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യ മറുപടി പറയുന്നതിന് മുമ്പ് തന്നെ പ്രതി അവരെ കത്തികൊണ്ട് കുത്തി. രക്തത്തില്‍ കുളിച്ചുകിടന്ന ഭാര്യയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ സെക്യൂരിറ്റിയും ഡെലിവറി ബോയിയും കൊലപാതകത്തിന്റെ സാക്ഷികളാണ്. ഭാര്യയുടെ മൃതദേഹത്തിന് സമീപം കത്തിയുമായി കണ്ടെത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ച പ്രതി തനിക്ക് കുറ്റബോധമില്ലെന്നും കൂട്ടിച്ചേര്‍ത്തു.  
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!