യുഎഇയില്‍ ഒപ്പം ജോലി ചെയ്ത ബന്ധുവിനെ ശ്വാസം മുട്ടിച്ചുകൊന്നയാള്‍ക്ക് വധശിക്ഷ

By Web TeamFirst Published Dec 19, 2018, 4:37 PM IST
Highlights

ഏത് വിധത്തില്‍ വധശിക്ഷ നടപ്പാക്കണമെന്ന തീരുമാനം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് കോടതി വിട്ടുനല്‍കിയെന്നും അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് യുഎഇയിലെത്തിയത്. തുടര്‍ന്ന് അബുദാബിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. 

അബുദാബി: ഒപ്പം ജോലി ചെയ്തയാളെ ശ്വാസം മുട്ടിച്ചുകൊന്നയാള്‍ക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു. ബന്ധുകൂടിയായ വ്യക്തിയെ വഴക്കിനിടെ തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.

ഏത് വിധത്തില്‍ വധശിക്ഷ നടപ്പാക്കണമെന്ന തീരുമാനം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് കോടതി വിട്ടുനല്‍കിയെന്നും അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് യുഎഇയിലെത്തിയത്. തുടര്‍ന്ന് അബുദാബിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രതി, പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ സഹോദരനെ വിളിച്ചു. സഹോദരനെ കാണാന്‍ പോയി തിരികെ വന്ന ശേഷവും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും കൊലപാതകത്തിലേക്ക് നയിക്കപ്പെടുകയായിരുന്നുവെന്നുമാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ സഹോദരനെ കാണാന്‍ പോയി വന്ന ശേഷം അസ്വസ്ഥനായ ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നും എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നുമാണ് പ്രതി കോടതിയെ അറിയിച്ചത്. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും പ്രതി പറഞ്ഞു.

click me!