തലച്ചോറില്‍ മരക്കഷണം തുളച്ചുകയറി; യുവാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ

By Web TeamFirst Published Apr 19, 2021, 2:41 PM IST
Highlights

ആക്രമിക്കാന്‍ ഉപയോഗിച്ച മരക്കഷണത്തിന്റെ ഒരു ഭാഗം ഇയാളുടെ തലച്ചോറില്‍ തുളഞ്ഞു കയറി. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മനാമ: ബഹ്‌റൈനില്‍ മരക്കഷണം തലച്ചോറില്‍ തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ 40കാരന് ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായതോടെ യുവാവ് ആരോഗ്യനില വീണ്ടെടുത്തു. 

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ അടുത്തെത്തിയ അക്രമി മരക്കഷണം കൊണ്ട് ഇയാളുടെ തലക്കടിക്കുകയായിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച മരക്കഷണത്തിന്റെ ഒരു ഭാഗം ഇയാളുടെ തലച്ചോറില്‍ തുളഞ്ഞു കയറി. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സി റ്റി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ മരക്കഷണം തുളച്ച് കയറിയതായി കണ്ടെത്തി. യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് രവീന്ദ്രന്‍, ഡോ. മുഹമ്മദ് ജവാദ്, ഡോ. മിനാ മൈക്കേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി സംഘമാണ് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. തലയോട്ടി മൂന്ന്-നാല് സെന്റീമീറ്റര്‍ തുരന്നാണ് മരക്കഷണം പുറത്തെടുത്തത്. ശസ്ത്രക്രിയ വിജകരമായതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്തു. ശസ്ത്രക്രിയ വിജയകരമാക്കി നേട്ടം കൈവരിട്ട ഡോക്ടര്‍മാരുടെ സംഘത്തെ സിഇഒ ഡോ. അഹ്മദ് അല്‍ അന്‍സാരി അഭിനന്ദിച്ചു. 
 

click me!