വീടുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച; ആഭരണങ്ങളും ലക്ഷങ്ങള്‍ വിലയുള്ള കറന്‍സികളുമായി വിദേശികള്‍ പിടിയില്‍

By Web TeamFirst Published Apr 19, 2021, 1:56 PM IST
Highlights

വിവിധ മോഷണക്കേസുകളിലെ പ്രതികളായ ഇവരുടെ പക്കല്‍ നിന്ന് വന്‍തോതില്‍ ആഭരണങ്ങളും വിവിധ രാജ്യങ്ങളുടെ കറന്‍സികളും 4.15 ലക്ഷം ദിര്‍ഹവും പിടിച്ചെടുത്തു.

ഷാര്‍ജ: വീടുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച നടത്തിയ ഒമ്പതംഗ സംഘം ഷാര്‍ജയില്‍ പിടിയില്‍. ഏഷ്യക്കാരാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

വിവിധ മോഷണക്കേസുകളിലെ പ്രതികളായ ഇവരുടെ പക്കല്‍ നിന്ന് വന്‍തോതില്‍ ആഭരണങ്ങളും വിവിധ രാജ്യങ്ങളുടെ കറന്‍സികളും 4.15 ലക്ഷം ദിര്‍ഹവും പിടിച്ചെടുത്തു. താന്‍ പുറത്തുപോയ സമയത്ത് വീട്ടില്‍  കവര്‍ച്ച നടന്നെന്ന് സ്വദേശി വനിത പരാതി നല്‍കിയിരുന്നതായി ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ ഉമര്‍ അബ്ദു അല്‍ സൗദ് പറഞ്ഞു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

മുഖ്യപ്രതിയെ താമസസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റ് പ്രതികളും അറസ്റ്റിലായത്. വീടും പരിസരവും നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് നല്ലതാണെന്ന് കേണല്‍ ഉമര്‍ പൊതുജനങ്ങളെ ഓര്‍മ്മപ്പെടുത്തി. കുറ്റകൃത്യം നടന്നാല്‍ വേഗത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. വീട്ടില്‍ നിന്ന്‌ പുറത്തുപോകുന്നവര്‍ പണവും ആഭരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

click me!