Death in Dubai: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

By Web TeamFirst Published Jan 17, 2022, 9:28 PM IST
Highlights

ദുബൈയില്‍ ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പ്രവാസി അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ദുബൈ: ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ((critically injured)  ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍  കഴിഞ്ഞ ശേഷമാണ് ഒമാന്‍ സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. കുപ്പി വലിച്ചെറിഞ്ഞ പ്രവാസി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു (Expat arrested). 

ദുബൈയിലെ ജെബിആര്‍ ഏരിയയിലായിരുന്നു (JBR area in Dubai) സംഭവം. ഒമാനിലെ ജാലന്‍ ബാനി ബൂഹസന്‍ സ്വദേശിയായ സുലൈമാന്‍ ബിന്‍ ഇബ്രാഹീം അല്‍ ബലൂശി എന്നായാളാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ദുബൈയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ചില്ല് കുപ്പി അദ്ദേഹത്തിന്റെ തലയില്‍ പതിച്ചത്. തൊട്ടടുത്ത ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പിയാണ് യുവാവിന്റെ തലയില്‍ പതിച്ചത്. ഉടന്‍ തന്നെ മെഡിക്ലിനിക്ക് പാര്‍ക്ക് വ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മസ്‍തിഷ്‍ക മരണം സംഭവിച്ച യുവാവ് പത്താം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.  

തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററില്‍  അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

click me!